ഓൺടൊളോജിക്കൽ വാദംയുക്തി ഉപയോഗിച്ച് ദൈവാസ്തിത്വം തെളിയിക്കാൻ അവലംബിക്കുന്ന രീതികളിൽ ഒന്നാണ് ഒണ്ടൊളോജിക്കൽ വാദം (Ontological Argument). ദൈവം ഉണ്ടെന്ന് തെളിയിക്കാൻ ഈ രീതി ആദ്യമായി ഉപയോഗിച്ചത് കാന്റർബറിയിലെ മെത്രാപ്പോലീത്തയായിരുന്ന അൻസം 1033-1109) ആയിരുന്നു. വിശദീകരണംഓണ്ടൊളോജിക്കൽ വാദത്തിന് അടിസ്ഥാനമായുള്ളത് ദൈവത്തിനു അത് കൊടുക്കുന്ന നിർവചനമാണ്. സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണത എന്ന് ദൈവത്തെ നിർവചിച്ചുകൊണ്ടാണ് വാദം തുടങ്ങുന്നത്. തുടർന്ന്, സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണത ഉണ്ടായേ മതിയാവൂ എന്ന് വാദിക്കുന്നു. അതിനു പറയുന്ന യുക്തി ഇതാണ്: സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണത ഇല്ല എന്നു പറയുന്നത് യുക്തിവിരുദ്ധമാണ്. ഒരാൾ സങ്കല്പിച്ച പൂർണ്ണതക്ക്, 'ഉണ്ടായിരിക്കുക' എന്ന ഗുണം ഇല്ല എങ്കിൽ, അയാളുടെ സങ്കല്പം തെറ്റായിരുന്നു. പൂർണ്ണത, ഇല്ലാത്തതാണെങ്കിൽ, അത് സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണത അല്ല. അതിലും വലിയ, 'ഉണ്ടായിരിക്കുക' എന്ന ഗുണമുള്ള, പൂർണ്ണത സങ്കല്പസാദ്ധ്യമാണ്. സങ്കല്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണതക്ക്, സങ്കല്പത്തിൽ മാത്രമായി നിലനില്പില്ല. അത് ഉണ്ടായിരുന്നേ മതിയാവൂ. അതുകൊണ്ട്, സങ്കല്പിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ പൂർണ്ണതയായ ദൈവം ഉണ്ട്.[1] ചരിത്രംദൈവവിശ്വാസവും, മതബോധവും അതിശക്തമായിരുന്ന മദ്ധ്യയുഗത്തിലാണ് ദൈവാസ്തിത്വം തെളിയിക്കാൻ ശ്രമിക്കുന്ന ഈ വാദം ആദ്യമായി ഉന്നയിക്കപ്പെട്ടതെങ്കിലും, തുടക്കത്തിൽ തന്നെ ഇതിന് കടുത്ത വിമർശനം നേരിടേണ്ടി വന്നു. അൻസമിന്റെ സമകാലികനായിരുന്ന ഗൗണീലോ എന്ന സന്യാസിയായിരുന്നു ഈ വാദത്തിന്റെ ആദ്യത്തെ പ്രധാന വിമർശകൻ. അൻസം ഉപയോഗിച്ച യുക്തി പിന്തുടർന്നാൽ ദൈവത്തിന്റെയെന്നപോലെ, സങ്കല്പസാദ്ധ്യമായതിൽ ഏറ്റവും വലിയ ദ്വീപിന്റെയോ അതു പോലെയുള്ള മറ്റെന്തിന്റെയ്ങ്കിലുമോ ഒക്കെക്കൂടിയും അസ്തിത്വം തെളിയിക്കാൻ പറ്റുമെന്ന് ഗൗണീലോ വാദിച്ചു. തന്റെ വാദം പഴുതുകളടച്ച് പുതിയ രൂപത്തിൽ വീണ്ടും അവതരിപ്പിക്കാൻ അൻസമിനെ പ്രേരിപ്പിക്കാൻ മാത്രം ശക്തമായിരുന്നു ഗൗണീലോയുടെ വിമർശനം.[2] ഓണ്ടൊളോജിക്കൽ വാദത്തിന് കിട്ടിയ ഏറ്റവും വലിയ ആഘാതം കത്തോലിക്കാദൈവശാസ്ത്രജ്ഞൻമാരിൽ മുൻപനായ തോമസ് അക്വീനാസ്(1224-1274) അതിനെ എതിർത്തതാണ്. ദൈവാസ്തിത്വം സ്വയം സിദ്ധമാണെന്നും, അത് തെളിയിക്കാൻ ദൈവത്തിന്റെ ഒരു പ്രത്യേക നിർവചനത്തെ അശ്രയിക്കുന്നത് ശരിയല്ലെന്നും അക്വീനാസ് വാദിച്ചു. ദൈവം എന്നു കേൾക്കുമ്പോൾ, സങ്കല്പ്പിക്കാവുന്നതിൽ ഏറ്റവും വലിയ പൂർണ്ണത എന്ന ആശയം തന്നെ എല്ലാവർക്കും തോന്നണമെന്നില്ല എന്നും അദ്ദേഹം കരുതി. അക്വീനാസിന്റെ വിമർശനം ഓണ്ടൊളോജിക്കൽ വാദത്തെ തളർത്തിയെങ്കിലും, അതിനെ പിന്തുണക്കാൻ പിൽക്കാലങ്ങളിലും ആളുണ്ടായി. പതിനേഴാം നൂറ്റാൺടിൽ ജീവിച്ചിരുന്ന റെനെ ദെക്കാർത്ത്(Rene Descartes)(1596-1650) ഈ വാദത്തെ പിന്തുണച്ചു. സങ്കല്പസാദ്ധ്യമായതിൽ ഏറ്റവും വലിയ പൂർണ്ണത ഇല്ലാതിരിക്കുകയെന്നത് ത്രികോണത്തിന്റെ മൂന്നു കോണുകളുടേയും തുക 180 ഡിഗ്രി ആല്ലാതിരിക്കുക എന്നതു പോലെ അസാദ്ധ്യമാണ് എന്നു ദെക്കാർത്ത് വാദിച്ചു. പതിനേഴാം നൂറ്റാണ്ടിൽ തന്നെ പ്രമുഖ ചിന്തകനായ ലയ്ബ്നിറ്റ്സും (Gottfried Leibniz 1646-1716) ഓണ്ടൊളോജിക്കൽ വാദത്തെ, സോപാധികമായാണെങ്കിലും പിന്തുണച്ചു. ഓണ്ടൊളോജിക്കൽ വാദത്തിന്, Onto (സത്ത) എന്ന വാക്കുമായി ബന്ധപ്പെട്ട ആ പേരു നൽകിയത് പതിനെട്ടാം നൂറ്റാൺടിൽ പ്രമുഖ ജർമ്മൻ ചിന്തകൻ ഇമ്മാനുവേൽ കാന്റ്(Immanuel Kant 1724-1804) ആണ്. അക്വീനാസിനു ശേഷം ഈ വാദരീതിയെ ഏറ്റവും ശക്തിയായി എതിർത്തതും കാന്റ് തന്നെ. ശുദ്ധയുക്തിയുടെ വിമർശനം (Critique of Pure Reason)[3] എന്ന പ്രഖ്യാതഗ്രന്ഥത്തിൽ ഓണ്ടൊളോജിക്കൽ വാദത്തിനെതിരെ കാന്റ് നടത്തിയ പ്രധാന വിമർശനം അത്, ഉണ്ടായിരിക്കുക എന്നത് ഒരു ഗുണമാണ് എന്ന തെറ്റായ സങ്കല്പത്തിൽ അധിഷ്ഠിതമാണ് എന്നായിരുന്നു. ഉണ്ടായിരിക്കുകയെന്നത് പൂർണ്ണതയുടെ ലക്ഷണമാണെന്ന് എങ്ങനെ ഉറപ്പിക്കാനാകും എന്ന ചോദ്യമാണ് ഓണ്ടൊളോജിക്കൽ വാദത്തിനെതിരെ ഉയർന്നിട്ടുള്ള ഏറ്റവും വലിയ വിമർശനമെന്ന് ഉമ്പർട്ടോ എക്കോയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇല്ലാതിരിക്കന്നതാണ് പരമമായ വിശുദ്ധി (absolute purity) എന്ന ന്യായം പിന്തുടർന്ന്, ദൈവികപൂർണ്ണതയുടെ തികവ് ദൈവത്തിന്റെ ഇല്ലായ്മയിലാണെന്നു വാദിക്കാമെന്ന് എക്കോ ചൂണ്ടിക്കാട്ടുന്നു.[4] പതിനെട്ടാം നൂറ്റാൺടിലെ മറ്റൊരു ചിന്തകനായ ഡേവിഡ് ഹ്യൂമും (1711-1776) ഓണ്ടൊളോജിക്കൽ വാദത്തിന്റെ വിമർശകനായിരുന്നു. ആധുനികകാലത്ത്തന്റെ ശക്തമായ വിമർശനത്തോടെ ഓണ്ടോളജിക്കൽ വാദത്തിന്റെ കഥ കഴിഞ്ഞു എന്ന് ഇമ്മാനുവേൽ കാന്റ് കരുതിയതായി പറയപ്പെടുന്നു.[5]എന്നാൽ ഇന്നും ഇത് തത്ത്വചിന്തയിലെ ഒരു സജീവപ്രശ്നമായി നിലനിൽക്കുന്നു. ഇരുപതാം നൂറ്റാൺടിലെ തത്ത്വചിന്തകരിൽ ഏറ്റവും കടുത്ത യുക്തിവാദിയായിരുന്ന ബെർട്രാൻഡ് റസ്സൽ ഇതിനെ അനുകൂലിച്ചില്ലെങ്കിലും എഴുതിത്തള്ളാൻ മടിച്ചു. ഈ വാദത്തിനു ലഭിച്ച പിന്തുണയുടേയും വിമർശനത്തിന്റേയും ചരിത്രം വിവരിച്ച ശേഷം, ഇത്ര മഹത്തായ ചരിത്രമുള്ള ഒരു വാദം, ശരിയല്ലെങ്കിൽ പോലും, ബഹുമാനപൂർവം പരിഗണിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.[6] റസ്സലിന്റെ അഭിപ്രായത്തിൽ, ഓണ്ടൊളോജിക്കൽ വാദം ശരിയല്ല എന്നു ബോദ്ധ്യപ്പെട്ടു കഴിഞ്ഞശേഷവും എന്താണ് അതിലെ പിശക് എന്നു പറയുക ബുദ്ധിമുട്ടാണ്. ഏതാണ്ട് ആയിരത്തോളം വർഷം തത്ത്വചിന്തകന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റി നിലനിൽക്കാൻ അതിനു കഴിഞ്ഞതിനു കാരണവും അതു തന്നെയായിരിക്കണം.[7] നുറുങ്ങുകൾഓണ്ടോളജിക്കൽ വാദത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട രസകരമായൊരു കഥ അൻസെമിന്റെ ജീവചരിത്രകാർൻ ഈഡ്മർ പറയുന്നുണ്ട്. മറ്റൊന്നിലും ശ്രദ്ധിക്കാൻ അനുവദിക്കാത്ത ഏകാഗ്രതയിൽ ദീർഘനാൾ കഴിഞ്ഞ ശേഷമാണ് ഈ ആശയം അൻസെമിന്റെ മനസ്സിൽ രൂപപ്പെട്ടത്. ആനന്ദതുന്ദിലനായ അദ്ദേഹം തിടുക്കത്തിൽ അതു രേഖപ്പെടുത്തി വച്ചു. മെഴുകുപലകയിലായിരുന്നു എഴുത്ത്. എഴുത്തു പൂർത്തിയായപ്പോൾ, പലക അൻസെം തന്റെ സഹായിയായ ഒരു സന്യാസിയെ സൂക്ഷിക്കാൻ ഏല്പിച്ചു. എന്നാൽ പിന്നീട് അന്വേഷിച്ചപ്പോൾ സന്യാസിക്ക് അതു കണ്ടെടുക്കാനായില്ല. ആശയം തന്റെ ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത അൻസെം അതു വീണ്ടും മറ്റൊരു മെഴുകുപലകയിൽ രേഖപ്പെടുത്തി കൂടുതൽ ഭദ്രമായ സൂക്ഷത്തിന് ഏല്പിച്ചു. ഈ പുതിയ പലകയാവട്ടെ, പിന്നീട് ആവശ്യം വന്നപ്പോൾ ശകലങ്ങളായി തകർന്നിരുന്നു. വളരെ വിഷമിച്ച് ശകലങ്ങൾ കൂട്ടിവച്ച ശേഷം അൻസെം, അതിലെ ഉള്ളടക്കം വായിച്ച് ഒരിക്കൽ കൂടി പകർത്തി. പുതിയ പകർപ്പ് ചർമ്മപത്രത്തിലായിരുന്നു.[8] അൻസെമിന്റെ പ്രസിദ്ധമായ വാദത്തെ കാത്തിരുന്ന ഗതി പ്രവചിക്കുന്ന അന്യാപദേശമായി ഈ കഥയെ കാണാമെന്ന് കത്തോലിക്കാ വിജ്ഞാനകോശം പറയുന്നു. പലവട്ടം നഷ്ടമാവുകയും ഓരോവട്ടവും വീണ്ടുകിട്ടുകയും ചെയ്ത ചരിത്രമാണ് അതിനുള്ളത്. അക്വീനാസും അനുയായികളും തള്ളിക്കളഞ്ഞ ഈ വാദം, ദെക്കാർത്ത് വീണ്ടെടുത്തു. പിന്നീട് കാന്റിന്റെ ആക്രമണത്തിൽ തകർന്ന അതിനെ ഹേഗൽ പുനർജ്ജീവിപ്പിച്ചു. ഹേഗലിന് അതിനോട് പ്രത്യേക മമത തന്നെ ഉണ്ടായിരുന്നു. തന്റെ രചനകളിൽ അദ്ദേഹം അതിനെ പലകുറി പരാമർശിക്കുന്നുണ്ട്.[8] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|