ഗുഹ്യരോമംമനുഷ്യരിൽ ലൈംഗിക വളർച്ചയുടെ ഭാഗമായി ടെസ്റ്റോസ്റ്റിറോൺ (Testosterone) അഥവാ ആൻഡ്രജൻ (Androgen) ഹോർമോണുകളുടെ പ്രവർത്തന ഫലമായി ജനനേന്ദ്രിയത്തിനു സമീപത്ത് രോമ വളർച്ച ഉണ്ടാകുന്നു. ഇവയെ ഗുഹ്യരോമം എന്ന് വിളിക്കുന്നു. ഇംഗ്ലീഷിൽ പ്യൂബിക് ഹെയർ (Pubic hair). കൗമാര പ്രായം മുതലാണ് ഇവ വളർന്നു തുടങ്ങുന്നത്. പൊതുവേ കട്ടിയേറിയതും ഇടതൂർന്നതുമായ മുടിയിഴകൾ ആണ് ഗുഹ്യഭാഗത്ത് കാണപ്പെടാറുള്ളത്. സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തവും സവിശേഷവുമായ രീതിയിലാണ് ഇവ കാണപ്പെടുന്നത്. കക്ഷത്തിലെ രോമങ്ങളും ഇതേ കാലയളവിൽ ഉണ്ടാകുന്നു. തലമുടി, താടിരോമം എന്നിവ പോലെ ഗുഹ്യ രോമം നീണ്ടു വളരാറില്ല. യോനിയുടെ വെളിയിലായുള്ള ഭാഗം ഉപസ്ഥം (ഇംഗ്ലീഷിൽ വൾവ) എന്നാണറിയപ്പെടുന്നത്. പെൺകുട്ടികളിൽ കൗമാര പ്രായം മുതൽക്കേ ഉപസ്ഥ ഭാഗത്ത് രോമവളർച്ചയുണ്ടാകുന്നു. ആൺകുട്ടികളിൽ ലിംഗത്തിന് ചുറ്റുമായും വൃഷണത്തിലും ഇവ വളരാൻ തുടങ്ങുകയും ചെയ്യുന്നു. യവ്വനാരംഭത്തിൽ ഗുഹ്യ രോമത്തിന്റെ വളർച്ച പൂർണ്ണമാകുന്നു. ജീവിതകാലം മുഴുവൻ മനുഷ്യരിൽ ഗുഹ്യരോമം കാണപ്പെടുന്നു. എന്നാൽ ‘ആൻഡ്രജൻ ഇൻസെൻസിറ്റിവിറ്റി ഡിസോഡർ’ എന്ന രോഗാവസ്ഥ ഉള്ളവരിൽ ഗുഹ്യരോമ വളർച്ച ഉണ്ടാകാറില്ല. പൊതുവേ പ്രായമായവരിൽ ഹോർമോൺ ഉത്പാദനത്തിലെ കുറവ് മൂലം ഗുഹ്യരോമത്തിന്റെ അളവ് കുറഞ്ഞു കാണപ്പെടുന്നു, വിശേഷിച്ചു 55 അല്ലെങ്കിൽ 60 വയസ് കഴിഞ്ഞവരിൽ ഗുഹ്യ രോമ വളർച്ച കുറയാറുണ്ട്. പുരുഷന്മാരിൽ ആൻഡ്രോപോസ് എന്ന അവസ്ഥ ഉണ്ടാകുമ്പോൾ ഇത് ഉണ്ടാകാറുണ്ട്. സ്ത്രീകളിൽ ആർത്തവവിരാമം (Menopause) എന്ന ഘട്ടം പിന്നിട്ടവരിൽ ഹോർമോൺ ഉത്പാദനത്തിൽ ഉള്ള കുറവു കാരണം ഗുഹ്യരോമ വളർച്ച കുറയുന്നു. ജനനേന്ദ്രിയ ഭാഗത്തിന്റെ സംരക്ഷണമാണ് ഗുഹ്യ രോമത്തിന്റെ ധർമ്മം. ലൈംഗികമായി ബന്ധപ്പെടുമ്പോൾ ലോലമായ ഗുഹ്യഭാഗത്തെ ചർമ്മത്തിലേക്ക് നേരിട്ടുള്ള ഉരസൽ അഥവാ ഘർഷണം കുറയ്ക്കുവാനും, അതുവഴി രോഗാണുബാധകളെ തടയുവാനും, ഫിറമോണുകൾ ശേഖരിക്കുന്നതിനും, പൊടിയും മറ്റും യോനിയുടെ ഉള്ളിലേക്ക് കടക്കാതിരിക്കുന്നതിനും ഗുഹ്യരോമങ്ങൾ സഹായിക്കുന്നു. ഗുഹ്യരോമങ്ങൾ വൃത്തിക്കുറവിന്റെ ലക്ഷണമാണ് എന്ന് ചിലർ കരുതുന്നു. എന്നാൽ ഇത് ശരിയല്ല. ഗുഹ്യരോമങ്ങൾ ശരീരത്തിലെ ഹോർമോൺ പ്രവർത്തനത്തിന്റെ ഭാഗമായി തികച്ചും സ്വഭാവികമായി ഉണ്ടാകുന്നതാണ്. അവ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. ചില ആളുകൾ ഗുഹ്യരോമങ്ങൾ നിലനിർത്തുമ്പോൾ, ചിലർ ഇവ ഷേവ് ചെയ്യാൻ ഇഷ്ടപെടുന്നു, എന്നാൽ മറ്റു ചിലരാകട്ടെ ഇവ പ്രത്യേക ശൈലിയിൽ ക്രമീകരിച്ചു സൂക്ഷിക്കുന്നു. പലവിധ ഫാഷനുകളിൽ ഇവ വെട്ടി സൂക്ഷിക്കുന്നതും സാധാരണമാണ്. ഷേവ് ചെയ്യണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനം ആണ്. ചില ആളുകൾ ഗുഹ്യരോമങ്ങൾ മനോഹരമായി കാണുമ്പോൾ ചിലർ ഇത് പാടേ ഒഴിവാക്കുന്നു. ചില സമൂഹങ്ങളിൽ മതപരമായ ആചാരങ്ങളുടെ ഭാഗമായും ഗുഹ്യരോമം നീക്കാറുണ്ട്. പൊതുവേ തണുപ്പുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ശാരീരിക രോമങ്ങൾ നിലനിർത്താൻ ആഗ്രഹിക്കുന്നതായി കാണപ്പെടാറുണ്ട്. അത് മിക്കപ്പോഴും ശരീര താപനില നിലനിർത്താനും, പുരുഷത്വത്തിന്റെ ലക്ഷണമായും വ്യാഖ്യാനിക്കാറുണ്ട്. ഉദാഹരണത്തിന് ഫ്രാൻസ്, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ പുരുഷന്മാർ ഗുഹ്യരോമം നിലനിർത്താൻ ഇഷ്ടപെടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പലപ്പോഴും ഗുഹ്യരോമം മൂടോടെ ഷേവ് ചെയ്യുന്നത് നിമിത്തം ഗുഹ്യചർമ്മത്തിൽ സൂക്ഷ്മമായ മുറിവുകൾ ഉണ്ടാകുവാനും, രോഗാണുബാധകൾ എളുപ്പം പടരുവാനും സാധ്യതയുണ്ട്; പ്രത്യേകിച്ച് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുബാധകൾ, ഉദാഹരണത്തിന് എച്ഐവി (എയ്ഡ്‌സ്) (HIV), എച്പിവി (HPV) ഉൾപ്പടെയുള്ള രോഗാണുബാധകൾ (STDs) എളുപ്പത്തിൽ പകരാം. അതിനാൽ ഇവ ബുദ്ധിമുട്ട് ഉണ്ടാക്കുക ആണെങ്കിൽ ഷേവ് ചെയ്യുന്നത് ഒഴിവാക്കി ട്രിമ്മർ ഉപയോഗിച്ച് നീളം കുറക്കുകയോ അല്ലെങ്കിൽ ചെറിയ കത്രിക കൊണ്ടു വെട്ടി നീളം കുറച്ചു നിർത്തുകയോ ചെയ്യുന്നതാണ് കൂടുതൽ ആരോഗ്യകരം എന്ന് ആരോഗ്യ വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നു. വിറ്റാമിൻ ബി 2 (റിബോഫ്ലാവിൻ), ബയോട്ടിൻ (വിറ്റാമിൻ ബി 7), ഫോളേറ്റ്, വിറ്റാമിൻ ബി 12, സിങ്ക് തുടങ്ങിയവ അടങ്ങിയ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും, ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്തുന്നതും തലമുടിയുടെ പോലെ തന്നെ ഗുഹ്യരോമങ്ങളുടെ ആരോഗ്യത്തിനും നിലനിൽപ്പിനും സഹായിക്കുന്നു. [1][2][3][4][5][6][7][8][9][10][11][12][13][14][15][16]. അവലംബം
|