ബാറ്ററിസംഭരിച്ചു വയ്ക്കപ്പെട്ട രാസോർജ്ജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റാൻ കഴിവുള്ള ഒന്നോ അതിലധികമോ വൈദ്യുതരാസ സെല്ലുകളെയാണ് ബാറ്ററി എന്നു വിളിക്കുന്നത്. 1800ൽ അലസ്സാണ്ട്രോ വോൾട്ട എന്ന ശാസ്ത്രജ്ഞനാണ് ആദ്യത്തെ ബാറ്ററി കണ്ടു പിടിച്ചത്. ഇന്ന് ഗാർഹിക, വ്യവസായ മേഖലകളിൽ വളരെ സാധാരണയായി ഉപയോഗിക്കുന്ന ഊർജ്ജ സ്രോതസ്സുകളാണ് ബാറ്ററികൾ. 2005-ലെ കണക്കുകൾ പ്രകാരം ലോകത്താകമാനമുള്ള ബാറ്ററി വ്യവസായം ആറു ശതമാനം വാർഷിക വർദ്ധനവോടെ[1] 48 ബില്യൺ ഡോളറിന്റെ വില്പനയാണ് നടത്തിയത്[2]. ബാറ്ററികളെ പ്രധാനമായും രണ്ടായി തരം തിരിക്കാം, പ്രൈമറി ബാറ്ററികൾ അഥവാ പ്രാഥമിക ബാറ്ററികൾ (ഒരു തവണ മാത്രം ഉപയോഗിക്കാവുന്നവ) എന്നും സെക്കന്ററി ബാറ്ററികൾ അഥവാ ദ്വിതീയ ബാറ്ററികൾ (വീണ്ടും ചാർജ്ജ് ചെയ്യാവുന്നവ) എന്നും. ശ്രവണ സഹായികളിലും റിസ്റ്റ് വാച്ചുകളിലും ഉപയോഗിക്കുന്ന തീരെ ചെറിയ ബാറ്ററികൾ മുതൽ കമ്പ്യൂട്ടർ ഡാറ്റ സെന്ററുകൾക്കും ടെലിഫോൺ എക്സ്ചേഞ്ചുകൾക്കും സ്റ്റാൻഡ് ബൈ പവർ സ്രോതസ്സുകളായി ഉപയോഗിക്കുന്ന വലിയ മുറികളുടെ വലിപ്പമുള്ള ബാറ്ററി ബാങ്കുകൾ വരെ, പല വലിപ്പത്തിലുള്ള ബാറ്ററികളും ഉണ്ട്. ചരിത്രംബാറ്ററിയുടെ ആധുനിക ചരിത്രം തുടങ്ങുന്നത് 18-ാംനൂറ്റാണ്ടുമുതലാണ്. 1780-86 കാലഘട്ടത്തിൽ ബലോട്ട സർവ്വകലാശാലയിൽ പ്രൊഫസറായിരുന്ന ല്വിഗ്രി ഗാൽവനി നടത്തിയ പരീക്ഷണങ്ങളാണ് ആധുനിക ബാറ്ററിയുടെ ജനനത്തിന് തുക്കമിട്ടത്. അനാട്ടമി പ്രൊഫസറായിരുന്ന ഗാൽവനി തവളകളെ ഉപയോഗിച്ച് നാഡീവ്യൂഹത്തെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്ന ഡിസെക്ഷൻ സ്കാൽപൽ അബന്ധവശാൽ തവളയുടെ പേശികളിലൊന്നിൽ തട്ടിയപ്പോൾ ചത്തു കിടന്ന തവള കോച്ചിവിറച്ചു. പിന്നീട് ഒരിക്കൽ കൂടി അദ്ദേഹം പേശികളിൽ തൊട്ടു, അപ്പോഴും തവള കോച്ചിവിറച്ചു. പിന്നീട് ഇരുമ്പും പിത്തളയും ചേർന്നുള്ള കമ്പികൾ ഉപയോഗിച്ച് ഇതേ പരീക്ഷണം ആവർത്തിച്ചു. അപ്പോഴും തവളയുടെ കാലുകൾ കോച്ചിവിറച്ചു. തവളയുടെ കാലുകളിലെ മാംസപേശിയിൽ നിന്നാണ് ഈ 'അനിമൽ ഇലക്ട്രിസിറ്റി' ഉണ്ടാകുന്നതെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിയത്. പിന്നീട് തെറ്റാണെന്ന് തെളിഞ്ഞെങ്കിലും ബാറ്ററിയുടെ കണ്ടുപിടിത്തത്തിന് അടിസ്ഥാനമിട്ടത് ഗൽവനിയുടെ ഈ നിഗമനമാണ്.
വോൾട്ട കണ്ടുപിടിച്ച ബാറ്ററി പിന്നീട് ഒട്ടേറെ പരിവർത്തനത്തിന് വിധേയമായി. ദ്രവരൂപത്തിലുള്ള ഇലക്ട്രോഡുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്കായിരുന്നു പിന്നീടുള്ള ശാസ്ത്രജ്ഞന്മാർ മുൻതൂക്കം നൽകിയത്. 1859-ൽ ഫ്രഞ്ച് ഊർജ്ജതന്ത്രജ്ഞനായ ഗാസ്റ്റൺ പ്ലാന്റ് ലെഡ് ആസിഡ് ഉപയോഗിച്ചുള്ള ബാറ്ററി നിർമ്മിച്ചു. കൊണ്ടു നടക്കാൻ ബുദ്ധിമുട്ടുള്ള ഈ ബാറ്ററി പക്ഷെ റീചാർജ്ജ് ചെയ്യാൻ പറ്റുന്നതായിരുന്നു. ഇന്ന് വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ബാറ്ററികൾ ലെഡ് - ആസിഡ് ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഫ്രെഞ്ചുകാരനായിരുന്ന ജോർജ്ജെസ് ലെക്സാഞ്ചെ 1866-ൽ മാംഗനീസ് ഡയോക്സയിഡും സിങ്ക് റോഡും ഉപയോഗിച്ച് പുതിയൊരു തരം ബാറ്ററി നിർമമിച്ചു. കൊണ്ടു നടക്കാൻ കൂടുതൽ എളുപ്പമുള്ളതായിരുന്നു ലെക്സാഞ്ചെയുടെ ബാറ്ററികൾ. ദ്രവരൂപത്തിലുള്ള ഇലക്ട്രോഡുകൾ ഉപയോഗിച്ച് അദ്ദേഹം നിർമ്മിച്ച ഈ സെല്ലുകളാണ് പിന്നീട് ആധുനിക ബാറ്ററിയുടെ നിർമ്മാണത്തിന് വഴിവെച്ചത്. ജെ.എ.തീബൊട്ട്, കാൾ ഗാസ്നർ തുടങ്ങിയവരും 19-ാംനൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ബാറ്ററിയുടെ വിപുലീകരണത്തിൽ ദത്തശ്രദ്ധരായവരിൽ ചിലരാണ്. തുടർന്നുള്ള വർഷങ്ങളിൽ ലെക്സാഞ്ചെയുടെ ബാറ്ററിയിൽ ഒട്ടേറെ മാറ്റങ്ങൾ വരുത്താൻ ശാസ്ത്രജഞർക്ക് സാധിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന ഗവേഷണങ്ങളുടെ ഫലമായി 1889-ൽ ചുരുങ്ങിയത് ആറുതരം ഡ്രൈ ബാറ്ററികളെങ്കിലും കമ്പോളത്തിൽ ലഭ്യമായിരുന്നു.
ഇതുകൂടികാണുക
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾWikimedia Commons has media related to Battery.
|