മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പൻ പിന്തുടർന്നത്.
നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങൾ. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിച്ചത് ശ്രോതാക്കളെ ആകർഷിച്ചു. മലയാള സിനിമാഗാനങ്ങളുടെ പാരഡികൾ അടങ്ങിയ കഥാപ്രസംഗങ്ങൾ ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങൾ കേരളത്തിലുംഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.[4] ഇതിനു പുറമേ ഇവ ശ്രവണകാസറ്റുകളായും വിൽക്കപ്പെട്ടിട്ടുണ്ട്.[5].
കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം[4]ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കുറെയേറെകാലം കഥാപ്രസംഗമേഖലയിലും ചലച്ചിത്രരംഗത്തും സജീവമായിരുന്നില്ല. കഥാപ്രസംഗത്തെ ഹാസ്യരൂപത്തിൽ ജനകീയമാക്കിയ ആ കലാകാരൻ 2016 മാർച്ച് 24-നു അന്തരിച്ചു.