സ്റ്റാൻലി കുബ്രിക്ക്
ഒരു അമേരിക്കൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും കാമറാമാനും എഡിറ്ററുമാണ് സ്റ്റാൻലി കുബ്രിക്ക്(/ˈkuːbrɪk/; ജൂലൈ 26, 1928 - മാർച്ച് 7, 1999). അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ബ്രിട്ടനിലെ ജീവിതത്തിനിടെയാണ് പുറത്തിറങ്ങിയത്. ഇദ്ദേഹം ഏറ്റവും മികച്ച സിനിമാ സംവിധായകരിലൊരാളായി കണക്കാക്കപ്പെടുന്നുണ്ട്. നോവലുകളുടെയോ ചെറുകഥകളുടെയോ ചലച്ചിത്രാവിഷ്കാരങ്ങളാണ് ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. കണ്ണഞ്ചിപ്പിക്കുന്ന [1] ദൃശ്യങ്ങളും (ഉദാഹരണം 2001: എ സ്പേസ് ഒഡീസി[2]), വിശദാംശങ്ങളിലുള്ള ശ്രദ്ധയും സംഗീതം ഉപയോഗിക്കുന്നതിലെ മികവും ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളുടെ പ്രത്യേകതയായി കണക്കാക്കപ്പെടുന്നു. യുദ്ധചിത്രങ്ങൾ, കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളവ, കോമഡികൾ, ഭീകരചിത്രങ്ങൾ, ഐതിഹാസികചിത്രങ്ങൾ, സയൻസ് ഫിക്ഷൻ എന്നിങ്ങനെ പല വിഷയങ്ങളും ഇദ്ദേഹം ചലച്ചിത്രമാക്കിയിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിൽ ഒരു ഫോട്ടോഗ്രാഫറായാണ് ഇദ്ദേഹം ജീവിതമാരംഭിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം ചലച്ചിത്രത്തിലെ വിവിധ മേഖലകളെക്കുറിച്ച് സ്വയം അറിവ് നേടിയെടുക്കുകയായിരുന്നു. ആദ്യകാല ചിത്രങ്ങൾ തീരെച്ചെറിയ ബഡ്ജറ്റിലായിരുന്നു ചിത്രീകരിച്ചിരുന്നത്. സ്പാർട്ടക്കസ് എന്ന ഒരു വമ്പൻ ഹിറ്റിനുശേഷം ഇദ്ദേഹം ശിഷ്ടജീവിതം കൂടുതലും ബ്രിട്ടനിലാണ് ചിലവഴിച്ചത്. ഇദ്ദേഹത്തിന്റെ ബ്രിട്ടനിലെ വീട്ടിൽ നിന്നാണ് ചലച്ചിത്രങ്ങളുടെ രചനയും ഗവേഷണവും എഡിറ്റിംഗും നിർമ്മാണ നിയന്ത്രണവും മറ്റും ഇദ്ദേഹം നടത്തിയിരുന്നത്. ഇത് അദ്ദേഹത്തിന് സൃഷ്ടിപരമായ പൂർണ്ണനിയന്ത്രണം തന്റെ ചലച്ചിത്രങ്ങളിൽ ഉണ്ടാക്കുവാൻ സാധിച്ചു. വിവാദങ്ങൾ സൃഷ്ടിച്ച ചിത്രങ്ങൾക്കൊപ്പം പ്രശംസാർഹമായ നിരവധി ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു. കുബ്രിക്കിന്റെ പാത്രസൃഷ്ടി നടത്തുന്നതിലെ അതീവ ശ്രദ്ധ, വ്യത്യസ്തങ്ങളായ വിഷയങ്ങൾ, സാങ്കേതികാ പൂർണ്ണത എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ബാരി ലണ്ടൻ (1975) എന്ന ചലച്ചിത്രത്തിൽ മെഴുകുതിരി വെളിച്ചത്തിൽ ചിത്രീകരണം നടത്തുന്നതിനായി കൂബ്രിക് പ്രത്യേക ലെൻസുകൾ നിർമിച്ചു. സ്റ്റെഡികാം ഉപയോഗിച്ച് ചിത്രീകരണം നടത്തിയ ആദ്യ ചിത്രങ്ങളിലൊന്നായിരുന്നു ദി ഷൈനിംഗ് (1980). ഇദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ വിവാദമുണ്ടാക്കിയിട്ടുണ്ട് (ഉദാഹരണം പാത്ത്സ് ഓഫ് ഗ്ലോറി (1957), ലോലിത (1962), എ ക്ലോക്ക്‌വർക്ക് ഓറഞ്ച് (1971) എന്നിവ). ഇദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഓസ്കാർ പുരസ്കാരങ്ങൾക്കും, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾക്കും ബാഫ്റ്റ അവാർഡുകൾക്കും മറ്റും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മിക്കവയും മാസ്റ്റർപീസുകളായി കണക്കാക്കപ്പെടുന്നു. ചലച്ചിത്ര ചരിത്രകാരനായ മൈക്കൽ സിമന്റ് ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ചലച്ചിത്രരംഗത്തിനു ലഭിച്ച ഏറ്റവും വലിയ സംഭാവനകളാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.[3] "ഇതിഹാസം എന്ന വാക്കിന്റെ എല്ലാ അർത്ഥതലങ്ങളെയും കൂബ്രിക് അന്വർത്ഥമാക്കുന്നുണ്ട്. ചലച്ചിത്രരംഗത്ത് ഏറ്റവും സ്വാധീനം ചെലുത്തുകയും, ഏറ്റവുമധികം ഞെട്ടലുണ്ടാക്കുകയും ഏറ്റവും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തികളിലൊരാളാണ് ഇദ്ദേഹം" എന്നും അഭിപ്രായമുണ്ടായിട്ടുണ്ട്.[4] സംവിധായകനായ നോർമാൻ ജ്യൂവിസന്റെ അഭിപ്രായത്തിൽ അമേരിക്ക കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച മാസ്റ്ററായിരുന്നു ഇദ്ദേഹം.[5] ആദ്യകാല ജീവിതംജാക്വസ് ലിയോണാർഡ് കുബ്രിക്ക്(1901–1985)-ജെർട്രൂഡ്(1903–1985) ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളായി ജൂലൈ 26, 1928നു മാൻഹട്ടനിലെ ലയിങ്ങ്-ഇൻ ഹോസ്പിറ്റലിൽ സ്റ്റാൻലി കുബ്രിക്ക് ജനിച്ചു. സഹോദരി ബാർബറ 1934ൽ ജനിച്ചു. ചലച്ചിത്രരംഗവും പിൽക്കാല ജീവിതവുംആദ്യകാല സൃഷ്ടികൾ1951ൽ, സിനിമാ തിയറ്ററുകൾക്ക് ന്യൂസ് റീലുകൾ നൽകിയിരുന്ന മാർച്ച് ഓഫ് ടൈമിനു വേണ്ടി ഹ്രസ്വ ഡോക്യുമെന്ററികൾ എടുക്കുവാൻ കുബ്രിക്കിന്റെ സുഹൃത്തായ അലക്സ് സിങ്ങർ പ്രേരണ നൽകി. കുബ്രിക്ക് വഴങ്ങുകയും ഡേ ഓഫ് ദ ഫൈറ്റ്(1951) എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. പ്രസ്തുത ചിത്രത്തിലെ റിവേഴ്സ് ട്രാക്കിങ്ങ് ഷോട്ട് പിൽക്കാലത്ത് കുബ്രിക്കിന്റെ തനതു ശൈലിയുടെ ഭാഗമാവുകയും ചെയ്തു. ചിത്രത്തിന്റെ വിതരണക്കാരൻ ആ വർഷത്തോടെ ബിസിനസ്സിൽ നിന്നു പുറത്തായെങ്കിലും, ആർ കെ ഓ പിക്ചേഴ്സിനു ഡേ ഓഫ് ദ ഫൈറ്റ് വിറ്റതിലൂടെ കുബ്രിക്ക് നൂറു ഡോളർ ലാഭം നേടി.[8] ഈ വിജയത്തിൽ പ്രചോദിതനായി ലുക്ക് മാസികയിലെ ജോലി രാജി വെച്ച കുബ്രിക്ക്, ആർ കെ ഓ യുടെ സാമ്പത്തിക സഹകരണത്തോടെ തന്റെ രണ്ടാമത്തെ ഹ്രസ്വ ഡോക്യുമെന്ററി ആയ ഫ്ലൈയിങ് പേഡറിന്റെ (1951) ജോലിയിൽ മുഴുകി. മൂന്നാമതായി, സീ ഫെയറേഴ്സ് ഇന്റർനാഷലിനു വേണ്ടി സംവിധാനം ചെയ്ത 30 മിനിറ്റ് ദൈർഘ്യമുള്ള ദ സീ ഫെയറേഴ്സ്(1953), കുബ്രിക്കിന്റെ ആദ്യ കളർ ചിത്രമായിരുന്നു. ഡോക്യുമെന്ററി വിഭാഗത്തിൽ കുബ്രിക്കിന്റേതായി ഇപ്പോൾ ഈ മൂന്നു ചിത്രങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പക്ഷെ, അദ്ദേഹം ഇതിലുമേറെ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്നു, പ്രത്യേകിച്ച് വേൾഡ് അസംബ്ലി ഓഫ് യൂത്ത് (1952) എന്ന ചിത്രം.[9] എബ്രഹാം ലിങ്കന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച ഒമ്നിബസ് ടെലിവിഷൻ പ്രോഗ്രാമിന്റെ ഒരു എപ്പിസോഡിൽ രണ്ടാം യൂണിറ്റിന്റെ സംവിധായകനായി അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. ഈ ഹ്രസ്വചിത്രങ്ങളൊന്നും ഔദ്യോഗികമായി പ്രദർശിപ്പിച്ചില്ലെങ്കിലും ഇവയുടെ വ്യാജപതിപ്പുകൾ വളരെ പ്രചാരം നേടുകയും സ്റ്റാൻലി കുബ്രിക്ക്:എ ലൈഫ് ഇൻ പിക്ചേഴ്സ് എന്ന ഡോക്യുമെന്ററിയിൽ ഇടം നേടുകയും ചെയ്തു. ഇതു കൂടാതെ, ഡേ ഓഫ് ദ ഫൈറ്റ്, ഫ്ലൈയിങ് പേഡർ എന്നിവ ഹ്രസ്വചിത്രങ്ങളുടെ ഉത്സവത്തിന്റെ ഭാഗമായി ടി സി എമ്മിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫിയർ ആൻഡ് ഡിസയർഒരു സാങ്കല്പിക യുദ്ധത്തിൽ, ശത്രുനിരയ്ക്കു പിന്നിലകപ്പെട്ടു പോകുന്ന ഒരു പറ്റം പട്ടാളക്കാരുടെ കഥ പറയുന്ന ഫിയർ ആൻഡ് ഡിസയർ (1953) എന്ന ചിത്രത്തോടു കൂടി കുബ്രിക്ക് ഫീച്ചർ ഫിലിമുകളിലേക്കു കടന്നു. കുബ്രിക്കിന്റെ സുഹൃത്തും പിൽക്കാലത്ത് പ്രശസ്ത തിരക്കഥാകൃത്തായി മാറുകയും ചെയ്ത ഹോവാർഡ് സാക്ക്ലറുടെ കഥയെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ കുബ്രിക്കും അപ്പോഴത്തെ ഭാര്യയായിരുന്ന ടോബ മെറ്റ്സും മാത്രമായിരുന്നു അണിയറശില്പികൾ. ഫിയർ ആൻഡ് ഡിസയർ മികച്ച നിരൂപണങ്ങൾ നേടിയെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. പിൽക്കാലത്ത്, പ്രസ്തുത ചിത്രം കുബ്രിക്കിന് ഒരപമാനമായി തോന്നുകയും ഒരു പുതുമുഖത്തിന്റെ പരീക്ഷണമായി അതിനെ തള്ളിക്കളയുകയും ചെയ്തു. ചിത്രത്തിന്റെ പൊതുപ്രദർശനത്തെ എതിർക്കുകയും, പ്രചരിക്കുന്നതിൽ നിന്നു തടയാൻ സാദ്ധ്യമായതെല്ലാം ചെയ്യുകയും ചെയ്തു.[10] ഒരു കോപ്പിയെങ്കിലും നിലനിൽക്കുകയും പിന്നീട് വി എച് എസ്സിലൂടെയും അതു കഴിഞ്ഞ് ഡി വി ഡിയിലൂടെയും ചിത്രം പ്രചരിക്കപ്പെട്ടു. കില്ലേഴ്സ് കിസ്സ്ഫിയർ ആൻഡ് ഡിസയറിന്റെ ചിത്രീകരണത്തിനിടെ കുബ്രിക്കും ടോബ മെറ്റ്സും വിവാഹമോചിതരായി. രണ്ടാം ഭാര്യയായ, ഓസ്ട്രിയയിൽ ജനിച്ച റൂത്ത് സബോട്കയെ 1952ൽ അദ്ദേഹം കണ്ടുമുട്ടി. ജനുവരി 15, 1955ൽ വിവാഹിതരായ ഇവർ 1952 മുതൽ 1955 വരെ ഈസ്റ്റ് വില്ലേജിൽ ഒരുമിച്ച് ജീവിച്ചു. ആ വേനൽക്കാലത്ത് അവർ ഹോളിവുഡിലേക്കു മാറി. കില്ലേഴ്സ് കിസ്സ് (1954) എന്ന അടുത്ത ചിത്രത്തിൽ സബോട്ക ഒരു ചെറിയ വേഷം ചെയ്യുകയും, ദ കില്ലിങ്ങ് (1956) എന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവ്വഹിക്കുകയും ചെയ്തു. ഫിയർ ആൻഡ് ഡിസയർ പോലെ കില്ലേഴ്സ് കിസ്സ് ഒരു മണിക്കൂറിലല്പം കൂടുതലുള്ള ഒരു ചെറിയ ഫീച്ചർ ഫിലിം ആയിരുന്നു. സംഘടിതകുറ്റകൃത്യങ്ങളിലുൾപ്പെടാനിടയാകുന്ന ഒരു ഹെവി വെയ്റ്റ് ബോക്സറുടെ കഥ പറഞ്ഞ കില്ലേഴ്സ് കിസ്സ് ഒരു വലിയ വിജയമായിരുന്നില്ല. ഫിയർ ആൻഡ് ഡിസയർ, കില്ലേഴ്സ് കിസ്സ് എന്നീ രണ്ടു ചിത്രങ്ങളുടെയും സാമ്പത്തിക സ്രോതസ്സ് കുബ്രിക്കിന്റെ കുടുംബവും സുഹൃത്തുക്കളുമായിരുന്നു.[11][12] ദ കില്ലിങ്ങ്അലക്സ് സിങ്ങർ കുബ്രിക്കിനെ ജെയിംസ് ബി. ഹാരിസ് എന്ന നിർമ്മാതാവിനു പരിചയപ്പെടുത്തിക്കൊടുക്കുകയും അവർ അടുത്ത സുഹൃത്തുക്കളായിത്തീരുകയും ചെയ്തു.[13] ഇവരുടെ ബിസിനസ്സ് പങ്കാളിത്തമായ ഹാരിസ്-കുബ്രിക്ക് പ്രൊഡക്ഷൻസ് കുബ്രിക്കിന്റെ അടുത്ത മൂന്നു ചിത്രങ്ങൾ നിർമ്മിച്ചു. അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾസ്റ്റാൻലി കുബ്രിക്ക് എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|