നോർതേൺ മറിയാന ദ്വീപുകൾ
ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് നോർതേൺ മറിയാന ഐലന്റ്സ് (സി.എൻ.എം.ഐ.) എന്നറിയപ്പെടുന്ന നോർതേൺ മറിയാന ദ്വീപുകൾ, അമേരിക്കൻ ഐക്യനാടുകളുടെ കീഴിലുള്ള രണ്ട് കോമൺവെൽത്ത് ഇൻസുലാർ പ്രദേശങ്ങളിൽ ഒന്നാണ് (പോർട്ടോ റിക്കോയാണ് മറ്റൊന്ന്). ഇൻകോർപ്പറേറ്റ് ചെയ്യപ്പെടാത്തതും സംഘടിതമായതുമായ പ്രദേശങ്ങളായാണ് ഇവയെ രണ്ടും കരുതിപ്പോരുന്നത്. പസഫിക് മഹാസമുദ്രത്തിന്റെ തന്ത്രപ്രാധാന്യമുള്ള പടിഞ്ഞാറൻ ഭാഗത്താണ് ഇവയുടെ സ്ഥാനം. 15 ദ്വീപുകളാണ് ഈ ദ്വീപസമൂഹത്തിലുള്ളത്. 463.63 ചതുരശ്ര കിലോമീറ്ററാണ് മൊത്തം വിസ്തൃതി. 2010-ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 53,883 ആണ്. [3] ജനസംഖ്യയുടെ 90 ശതമാനത്തിലധികവും സായിപാൻ ദ്വീപിലാണ് താമസിക്കുന്നത്. മറ്റ് പതിനഞ്ച് ദ്വീപുകളിൽ ടിനിയൻ, ടോട്ട എന്ന ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. കോമൺവെൽത്തിലെ ഭരണകൂടത്തിന്റെ ആസ്ഥാനം കാപ്പിറ്റൽ ഹിൽ എന്ന ഗ്രാമമാണ്. സായ്പാൻ ദ്വീപിലാണിത്. ദ്വീപ് ഒരൊറ്റ മുനിസിപ്പാലിറ്റിയായതുകാരണം മിക്ക പ്രസിദ്ധീകരണങ്ങളും സായ്പാനാണ് ദ്വീപിന്റെ തലസ്ഥാനം എന്നാണ് പറയാറ്. 2012 ഏപ്രിലിൽ കോമൺവെൽത്തിലെ പെൻഷൻ ഫണ്ട് പാപ്പരായതായി പ്രഖ്യാപിച്ചു. 2014-ൽ ഫണ്ടിലെ പണം തീർന്നുപോകുമായിരുന്നുവത്രേ.[4] ഭൂപ്രകൃതിനോർതേൺ മറിയാൻ ദ്വീപുകളും തെക്കുള്ള ഗുവാമും ചേർന്നാൽ മറിയാന ദ്വീപുകളായി. തെക്കുള്ള ദ്വീപുകൾ പ്രധാനമായും ചുണ്ണാമ്പുകല്ലുകളാണ്. വടക്കൻ ദ്വീപുകൾ അഗ്നിപർവ്വതദ്വീപുകളാണ്. അൻടഹാൻ, പാഗൻ, അഗ്രിഹാൻ എന്നീ ദ്വീപുകളിൽ പുകയുന്ന അഗ്നിപർവ്വതങ്ങളുണ്ട്. ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതം അഗ്രിഹാനിലേതാണ്. ഇതിന് 965 മീറ്റർ ഉയരമുണ്ട്. സായ്പാനിന് 130 കിലോമീറ്റർ വടക്കുള്ള അൻടഹാൻ അഗ്നിപർവ്വതം 2003 മേയ് 10-ന് പൊട്ടിത്തെറിച്ചു. പിന്നീട് പല പൊട്ടിത്തെറികളും ശാന്തമായ ഇടവേളകളുമുണ്ടായിട്ടുണ്ട്. 2005 ഏപ്രിൽ 6-ന് ഉദ്ദേശം 50970 ചതുരശ്ര മീറ്റർ ചാരവും പാറകളും ഈ അഗ്നിപർവ്വതത്തിൽ നിന്ന് വമിക്കുകയുണ്ടായി. ഇതുമൂലം സായ്പാനിനും ടിനിയാനും മീതെ ഒരു കറുത്ത ചാരമേഘം മൂടുകയുണ്ടായി. കാലാവസ്ഥഭൂമദ്ധ്യരേഖയ്ക്കടുത്ത തീരപ്രദേങ്ങളിൽ കാണപ്പെടുന്ന കാലാവസ്ഥയാണ് ഈ ദ്വീപുകളിലേത്. വടക്കുകിഴക്കൻ വാണിജ്യവാതങ്ങൾ കാലാവസ്ഥയെ മിതപ്പെടുത്തുന്നുണ്ടത്രേ. ഋതുക്കൾക്കനുസരിച്ച് അന്തരീക്ഷതാപനിലയിൽ വലിയ ഏറ്റക്കുറച്ചിലുകളുണ്ടാകാറില്ല. ഡിസംബർ മുതൽ ജൂൺ വരെയാണ് വരണ്ട കാലാവസ്ഥയുണ്ടാകുന്നത്. ജൂലൈ മുതൽ നവംബർ വരെയുള്ള മഴക്കാലത്ത് ടൈഫൂൺ കൊടുങ്കാറ്റുകൾ ഉണ്ടാകാറുണ്ട്. ഏറ്റവും സമതുലിതമായ താപനിലയുള്ള പ്രദേശമായി ഗിന്നസ് ബുക്ക് തിരഞ്ഞെടുത്തിട്ടുള്ള പ്രദേശമാണ് മറിയാന ദ്വീപുകൾ. [5] ചരിത്രംചമോറോകളുടെയും റെഫാലുവാഷ് ജനതയുടെയും വരവ്ഉദ്ദേശം 2000 ബി.സി.യിലാണ് നോർതേൺ മറിയാന ദ്വീപിലെ ആദ്യ നിവാസികൾ ദക്ഷിണപൂർവ്വേഷ്യയിൽ നിന്നെത്തിയത്. ചമോറോകൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. ആസ്ട്രൊണേഷ്യൻ വിഭാഗത്തിൽ പെടുന്ന ചമോറോ എന്ന ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കരോലൈൻ ദ്വീപുകളിൽ നിന്ന് 1800-കളിലാണ് റെഫാലുവാഷ് (കരോലീനിയൻ) ജനത ഇവിടെയെത്തിയത്. സ്പെയിനിന്റെ അധിനിവേശം1521-ൽ ഗുവാമിലെത്തി ദ്വീപിൽ സ്പെയിനിന് അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച ഫെർഡിനാന്റ് മഗെല്ലനാണ് ഈ പ്രദേശത്തെത്തിയ ആദ്യ യൂറോപ്യൻ പര്യവേഷകൻ. സ്പാനിഷ് കപ്പലുകളെ പുറങ്കടലിൽ വച്ച് ചമോറോകൾ സ്വികരിക്കുകയും അവർക്ക് ഭക്ഷണവും മറ്റും നൽകുകയും ചെയ്തു. മഗെല്ലന്റെ കപ്പലുകളുടെ കൂട്ടത്തിലെ ഒരു ചെറിയ നൗകയിൽ ഇവർ കയറുകയുമുണ്ടായി. ഇത് ഒരു സാംസ്കാരിക സംഘടനത്തിനിടയാക്കി. ചമോറോ സംസ്കാരമനുസരിച്ച് സ്വകാര്യസ്വത്ത് എന്ന സങ്കൽപ്പമില്ല. ആവശ്യമുള്ളതെടുക്കുന്നത് (ഉദാഹരണത്തിന് മീൻപിടിത്തത്തിനായി തോണിയെടുക്കുന്നത്) മോഷണമായി കരുതാറില്ല. സ്പെയിൻകാർക്ക് ഈ രീതി മനസ്സിലായില്ല. അവർ ചമോറോകളുമായി യുദ്ധം ചെയ്ത് നൗക തിരികെ "പിടിച്ചെടുത്തു". ഇവിടെയെത്തി മൂന്നു ദിവസത്തിനുശേഷം ആക്രമണം കാരണം മഗല്ലന് ആക്രമണം കാരണം ഓടിപ്പോവേണ്ടിവന്നു. 1565-ൽ മിഗുവേൽ ലോപ്പസ് ഡെ ലഗാസ്പി ഗുവാമിലെത്തുകയും സ്പാനിഷ് രാജാവിനുവേണ്ടി ഇവിടം പിടിച്ചെടുക്കുകയും ചെയ്തു. മനീല ഗാലിയണുകൾക്ക് ഗുവാം ഒരു പ്രധാന ഇടത്താവളമായിരുന്നു. ദ്വീപുവാസികളിൽ ഭൂരിപക്ഷം പേരും (90%-95%)[6] സ്പാനിഷ് അസുഖങ്ങൾ കാരണം മരിക്കുകയോ ചമോറോ വിഭാഗത്തിൽ പെടാത്ത ആൾക്കാരെ വിവാഹം കഴിക്കുകയോ ചെയ്തുവത്രേ. ദ്വീപിലെ വാസികളായി പുതിയ ആൾക്കാരെ (പ്രധാനമായും ഫിലിപ്പിനോകളെയും കരോലീൻ ദ്വീപുവാസികളെയും) കൊണ്ടുവരികയാണുണ്ടായത്. എന്നാലും ചമോറോ ജനതയുടെ സംഖ്യ ക്രമേണ കൂടിവന്നു. ഇപ്പോളും ചമോറോ ഭാഷ, ഫിലിപ്പിനോ ഭാഷ, കരോലീനിയൻ ഭാഷ എന്നിവ ഇവിടെ സംസാരിക്കപ്പെടുന്നുണ്ട്. വംശവ്യത്യാസവും നിലനിൽക്കുന്നുണ്ട്. സ്പാനിഷ് കോളനിഭരണകർത്താക്കൾ ചമോറോ വംശജരെ ഗുവാമിൽ താമസിക്കാൻ പ്രേരിപ്പിച്ചിരുന്നു. ക്രിസ്തുമതത്തിലേയ്ക്കുള്ള പരിവർത്തനത്തിന് ആക്കം കൂട്ടുകയായിരുന്നു ഉദ്ദേശം. ചമോറോകളെ മറിയാന ദ്വീപുകളിലേയ്ക്ക് തിരികെ വരാൻ അനുവദിച്ചപ്പോഴേയ്ക്കും കരോലീനിയൻ ജനത മറിയാന ദ്വീപുകളിൽ താമസമുറപ്പിച്ചിരുന്നു. ഈ രണ്ടു ജനതയെയും സ്വദേശികളായാണ് ഇപ്പോൾ കണക്കാക്കുന്നത്. കോമൺവെൽത്തിൽ രണ്ട് ഭാഷകൾക്കും ഔദ്യോഗികസ്ഥാനമുണ്ട് (ഗുവാമിൽ ഇങ്ങനെയല്ല സ്ഥിതി). ജർമനിയുടെയും ജപ്പാന്റെയും കൈവശം1898-ലെ സ്പാനിഷ് അമേരിക്കൻ യുദ്ധത്തെത്തുടർന്ന് സ്പെയിൻ ഗുവാം അമേരിക്കയ്ക്ക് നൽകുകയും മറിയാന ദ്വീപുകളുടെ ബാക്കി ഭാഗം ജർമനിക്ക് വിൽക്കുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധത്തിന്റെ ആദ്യസമയത്ത് ജപ്പാൻ ജർമനിയുമായി യുദ്ധം പ്രഖ്യാപിക്കുകയും നോർതേൺ മറിയാന ദ്വിപുകൾ ആക്രമിക്കുകയും ചെയ്തു. ദ്വീപുകൾ പിടിച്ചെടുക്കുകയായിരുന്നു ഉദ്ദേശം. 1919-ൽ ലീഗ് ഓഫ് നേഷൻസ് ദഷിണ പെസഫിക് മാൻഡേറ്റിന്റെ ഭാഗമായി ഈ ദ്വീപുകൾ ജപ്പാന് നൽകി. ജപ്പാന്റെ ഭരണകാലത്ത് കരിമ്പായിരുന്നു ഇവിടുത്തെ പ്രധാന വിളയും വ്യവസായമേഖലയും. തൊഴിലാളികളെ ജപ്പാനിൽ നിന്നും മറ്റു കോളനികളിൽ നിന്നും (ഉദാഹരണത്തിന് ഒകിനാവ, കൊറിയ എന്നിവിടങ്ങൾ) കൊണ്ടുവന്നിരുന്നു. 1939 ഡിസംബറിലെ സെൻസസ് പ്രകാരം മാൻഡേറ്റ് മേഖലയുടെ മുഴുവൻ ജനസംഖ്യ 129,104 ആയിരുന്നു. ഇതിൽ 77,257 പേർ ജപ്പാൻകാരോ തായ്‌വാൻ സ്വദേശികളോ കൊറിയക്കാരോ ആയിരുന്നു. 1941 ഡിസംബർ 8-ന് പേൾ ഹാർബർ ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം മറിയാന ദ്വീപുകളിൽ നിന്നുള്ള ജപ്പാനീസ് സൈന്യം ഗുവാം ആക്രമിച്ചു. നോർതേൺ മറിയാന ദ്വീപുകളിൽ നിന്നുള്ള ചമോറോ വംശജരെ അധിനിവേശസൈന്യത്തെ സഹായിക്കാനായി ജപ്പാൻകാർ ഗുവാമിലെത്തിച്ചു. ഇതിനു മുൻപ് രണ്ടു പതിറ്റാണ്ട് ജപ്പാന്റെ ഭരണത്തിൻ കീഴിലായിരുന്ന നോർതേൺ മറിയാന നിവാസികൾ ജപ്പാന് സഹായകമായ നിലപാടാണ് സ്വീകരിച്ചത്. 31 മാസം നീണ്ടുനിന്ന അധിനിവേശസമയത്ത് ഗുവാമിലെ ചമോറോ വംശജർ നേരിട്ട പീഠനങ്ങൾ ഇവർ തമ്മിൽ അകൽച്ചയ്ക്ക് കാരണമായി. 1960-ൽ നോർതേൺ മറിയാന ദ്വീപുകളും ഗുവാമുമായി പുനർസംയോജനം നടത്തണമെന്ന റെഫറണ്ടം നോർതേൺ മറിയാന നിവാസികൾ സ്വീകരിച്ചെങ്കിലും ഗുവാം നിവാസികൾ ഇത് തള്ളിക്കളയാനുള്ള പ്രധാനകാരണം ഈ അകൽച്ചയായിരുന്നു. അമേരിക്കൻ അധിനിവേശംരണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനസമയത്ത് (1944 ജൂൺ 15-ന്) അമേരിക്കൻ സൈന്യം മറിയാന ദ്വീപുകൾ ആക്രമിച്ചു. സായ്പാൻ യുദ്ധമായിരുന്നു ഇതിൽ ആദ്യത്തെ ആക്രമണം. ജൂലൈ 9-നാണ് ഇത് അവസാനിച്ചത്. ജപ്പാന്റെ കമാൻഡർ യുദ്ധാവസാന സമയത്ത് സെപ്പുക്കു എന്ന പരമ്പരാഗത മാർഗ്ഗത്തിലൂടെ ആത്മഹത്യ ചെയ്തു. സായ്പാൻ പ്രതിരോധിക്കാനുണ്ടായിരുന്ന 30,000 ജപ്പാൻ സൈനികരിൽ 1,000-ൽ താഴെ ആൾക്കാർ മാത്രമാണ് യുദ്ധാവസാനം ജീവനോടെയുണ്ടായിരുന്നത്. [7] അമേരിക്കൻ സൈന്യം ജൂലൈ 21-ന് ഗുവാം ആക്രമിച്ച് പിടിച്ചെടുക്കുകയും ജൂലൈ 24-ന് ടിനിയൻ ആക്രമിക്കുകയും ചെയ്തു. ടിനിയൻ ദ്വീപിൽ നിന്നാണ് ഹിരോഷിമയിൽ ആണവബോംബിട്ട എനോള ഗേ എന്ന വിമാനം പറന്നുയർന്നത്. റോട്ട ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക മുതിർന്നില്ല. ഇവിടം 1945 ആഗസ്റ്റിൽ ജപ്പാൻ കീഴടങ്ങുന്നതുവരെ ഒറ്റപ്പെട്ടു കിടന്നു. സായ്പാനിലെ അവസാന ജപ്പാൻ സൈനികവിഭാഗം കീഴടങ്ങിയത് 1945 ഡിസംബർ 1-നാണ്. ഗുവാമിൽ ഷോയിച്ചി യോകോയി എന്ന സൈനികൻ യുദ്ധമവസാനിച്ചു എന്ന കാര്യമറിയാതെ ടാലഫോഫോ മേഖലയിലെ വനത്തിലെ ഒരു ഗുഹയിൽ 1972 വരെ ഒളിച്ചിരുന്നു. ആക്രമണം തുടങ്ങിയശേഷം ജപ്പാൻ കീഴടങ്ങുന്നതുവരെ സായ്പാനിലെയും ടിനിയനിലെയും ജനങ്ങളെ അമേരിക്കൻ സൈന്യം ക്യാമ്പുകളിൽ താമസിപ്പിച്ചിരിപ്പിക്കുകയായിരുന്നു. ജപ്പാനീസ് പൗരന്മാരെ യുദ്ധശേഷം ജപ്പാനിലേയ്ക്ക് അയക്കുകയും നാട്ടുകാരെ വിട്ടയക്കുകയും ചെയ്തു. കോമൺവെൽത്ത്ജപ്പാന്റെ പരാജയശേഷം ദ്വീപുകൾ പസഫിക് ദ്വീപുകളുടെ ട്രസ്റ്റ് മേഖലയെന്ന നിലയ്ക്ക് അമേരിക്കയായിരുന്നു ഭരിച്ചിരുന്നത്. പ്രതിരോധവും വിദേശകാര്യവും അമേരിക്കൻ ഐക്യനാടുകളുടെ ചുമതലയായിരുന്നു. ഗുവാമുമായി കൂടിച്ചേരൽ, ദ്വീപുകളുടെ ഭാവി എന്നീ കാര്യങ്ങളെ സംബന്ധിച്ച് നാലു റെഫറണ്ടങ്ങൾ നടക്കുകയുണ്ടായി. 1958, 1961, 1963, 1969 എന്നീ വർഷങ്ങളിലായിരുന്നു ഈ റഫറണ്ടങ്ങൾ നടന്നത്. എല്ലാ തവണയും ഭൂരിഭാഗം ആൾക്കാരും ഗുവാമുമായി ഒത്തുചേരുന്നതിനോട് അനുകൂലനിലപാടാണെടുത്തത്. 1969-ൽ നടന്ന റെഫറണ്ടത്തിൽ ഗുവാം ഈ നീക്കത്തെ നിരാകരിക്കുകയാണുണ്ടായത്. 1970-ൽ നോർതേൺ മറിയാന ദ്വീപ് നിവാസികൾ സ്വാതന്ത്ര്യം വേണം എന്ന ആവശ്യമുന്നയിക്കേണ്ടതില്ല എന്ന് തീരുമാനമെടുത്തു. അമേരിക്കൻ ഐക്യനാടുകളുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തുക എന്നതായിരുന്നു ഇവർ തിരഞ്ഞെടുത്ത വഴി. ഒരു കോമൺവെൽത്ത് എന്ന നിലയിൽ അമേരിക്കൻ ഐക്യനാടുകളുമായി രാഷ്ട്രീയ സഖ്യം നിലനിർത്താനുള്ള ഉടമ്പടി സംബന്ധിച്ച ചർച്ച 1972-ൽ തുടങ്ങുകയും 1975-ൽ നടന്ന റെഫറണ്ടത്തിലൂടെ അംഗീകരിക്കുകയും ചെയ്തു. 1978-ൽ ഒരു പുതിയ ഭരണകൂടവും ഭരണഘടനയും നിലവിൽ വന്നു. ഇത് തീരുമാനിച്ച ത് 1977-ൽ നടന്ന ഒരു റെഫറണ്ടത്തിലൂടെയാണ്. മറ്റ് അമേരിക്കൻ അധിനിവേശപ്രദേശങ്ങളെപ്പോലെ ഇവിടത്തുകാർക്കും അമേരിക്കൻ സെനറ്റിൽ പ്രാതിനിദ്ധ്യമില്ല. എന്നാലും അമേരിക്കൻ കോൺഗ്രസ്സിൽ വോട്ടവകാശമില്ലാത്ത ഒരു പ്രതിനിധിയെ അയക്കാൻ നാട്ടുകാർക്ക് അവകാശമുണ്ട്. ഈ പ്രതിനിധിക്ക് അദ്ദേഹം പങ്കെടുക്കുന്ന കമ്മിറ്റികളിൽ വോട്ടവകാശമുണ്ട്. [8] ജനങ്ങൾ2010-ലെ സെൻസസ് അനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 53,883 ആണ്. 2000-ൽ 69,221 ആയിരുന്നു ജനസംഖ്യ. 22.2% കുറവാണ് പത്തു വർഷം കൊണ്ടുണ്ടായത്.[9] ഈ കുറവിനു കാരണം വസ്ത്രനിർമ്മാണ മേഖലയിലെ തളർച്ചയും (ഇവിടുത്തെ ജീവനക്കാരിൽ ഭൂരിപക്ഷവും ചൈനക്കാരികളായിരുന്നു), സാമ്പത്തിക ബുദ്ധിമുട്ടുകളും, വിനോദസഞ്ചാരികളുടെ കുറവുമായിരുന്നു. [10] രാഷ്ട്രീയംനോർതേൺ മറിയാന ദ്വീപുകളിൽ പ്രസിഡൻഷ്യൽ ഭരണസംവിധാനമാണ് നിലവിലുള്ളത്. പ്രസിഡന്റിനു താഴെ തിരഞ്ഞെടുക്കപ്പെടുന്ന ഗവർണറാണ് ഭരണത്തലവൻ. ഒരു ബഹുകക്ഷി രാഷ്ട്രീയ സംവിധാനം ഇവിടെ നിലവിലുണ്ട്. കോമൺവെൽത്തിനു നൽകുന്ന ഫെഡറൽ സഹായം ഓഫീസ് ഓഫ് ഇൻസുലാർ അഫയേഴ്സ് എന്ന അമേരിക്കൻ ഇന്റീരിയർ ഡിപ്പാർട്ട്മെന്റിനു കീഴിലുള്ള സംവിധാനം വഴിയാണ് നിയന്ത്രിക്കുന്നത്. എക്സിക്യൂട്ടീവ് വിഭാഗം ഗവർണർക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. ലെജിസ്ലേച്ചർ രണ്ട് സഭകളുള്ള ജനപ്രാതിനിദ്ധ്യസഭയാണ്. ജുഡീഷ്യറി മറ്റു രണ്ട് വിഭാഗങ്ങളിൽ നിന്നും സ്വതന്ത്രമാണ്. വിമർശകർ പറയുന്നത് രാഷ്ട്രീയക്കാരുടെ വിജയം നിർണ്ണയിക്കുന്നത് അവരുടെ കുടുംബത്തിന്റെ വലിപ്പമാണ് (കഴിവുകളല്ല) എന്നാണ്. ഇത് ജനാധിപത്യത്തിന്റെ മറവിൽ നടക്കുന്ന സ്വജന പക്ഷപാതമാണെന്നാണ് ആരോപണം. [11][12] 2012 ഏപ്രിലിൽ നോർതേൺ മറിയാന ഐലന്റ്സ് റിട്ടയർമെന്റ് ഫണ്ട് പാപ്പരായതായി പ്രഖ്യാപിച്ചു. ഇത് നിശ്ചിത ആനുകൂല്യങ്ങൾ ഉള്ള തരം (defined benefit) പെൻഷൻ പദ്ധതിയായിരുന്നു. ഫണ്ടിന്റെ ആസ്തി 24.84 കോടി ഡോളറും ബാദ്ധ്യതകൾ 91.1 കോടി ഡോളറുമായിരുന്നുവത്രേ. ആനുകൂല്യങ്ങൾ കൂട്ടിയെങ്കിലും ഫണ്ടിലേയ്ക്ക് കൂടുതൽ പണം പിരിച്ചിരുന്നില്ല. ഫണ്ട് നടത്തിയ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും കുറവായിരുന്നു. ഇതിൽ സർക്കാരിന്റെ നിക്ഷേപം കുറച്ചുമാത്രമായിരുന്നു.[13] 2012 ആഗസ്റ്റിൽ ഗവർണറെ ഇംപീച്ച് ചെയ്യണം [14] എന്ന ആവശ്യമുയർന്നു. ബെനീഞ്ഞോ ഫിറ്റിയൽ എന്ന റിപ്പബ്ലിക്കൻ നേതാവായിരുന്നു ഇതിന് കാരണക്കാരൻ എന്നായിരുന്നു ആരോപണം. ഇദ്ദേഹം ഫണ്ടിലേയ്ക്കുള്ള പണം നൽകുന്നത് നിറുത്തിവച്ചിരുന്നു. [15] സർക്കാർ ഓഫീസുകളിലെ വൈദ്യുതിക്കും വെള്ളത്തിനും മറ്റുമുള്ള ബില്ലുകളും ഇദ്ദേഹം നൽകിയിരുന്നില്ലത്രേ. [16] ഇദ്ദേഹം മറിയാന ദ്വീപുകളിലെ ഒരേയൊരു സർക്കാർ ആശുപത്രിയിലേയ്ക്കുള്ള സാമ്പത്തിക സഹായവും നിർത്തിവയ്ക്കുകയുണ്ടായി. [17][18] തന്റെ അറ്റോർണി ജനറലിന് ഒരു സമ്മൺസ് നൽകുന്നത് അദ്ദേഹം തടഞ്ഞുവത്രേ. [19] പബ്ലിക്ക് വിദ്യാലയങ്ങളുടെ സാമ്പത്തിക സഹായവും ഇദ്ദേഹം നിർത്തിവച്ചു.[20][21] വൈദ്യുതി ഉത്പാദനത്തിനായി 19 കോടി ഡോളറിന്റെ ഒരു കരാർ ഇദ്ദേഹം ഒപ്പുവയ്ക്കുകയുണ്ടായി. [22] ഇതെല്ലാം ചെയ്തശേഷം അദ്ദേഹവും അറ്റോർണി ജനറലും നാടുവിട്ട് ഓടിപ്പോയത്രേ. [23] സാമ്പത്തികരംഗംവലിയതോതിൽ സബ്സിഡികളും സഹായവും അമേരിക്കൻ ഐക്യനാടുകളുടെ ഫെഡറൽ ഭരണകൂടത്തിൽ നിന്ന് നോർതേൺ മറിയാന ദ്വീപുകൾക്ക് ലഭിക്കുന്നുണ്ട്. വിനോദസഞ്ചാരമാണ് വരുമാനത്തിന്റെ മറ്റൊരു പ്രധാന സ്രോതസ്സ്. ജപ്പാനിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് പ്രധാനമായും ഇവിടെയെത്തുന്നത്. തുണിവ്യവസായം അതിവേഗം തളർന്നുകൊണ്ടിരിക്കുകയാണ്. 2005-നു ശേഷം വിനോദസഞ്ചാരമേഖലയും തളർച്ചയെ നേരിടുകയാണ്. ഒരു സ്വതന്ത്ര വ്യാപാരമേഖല എന്ന പദവി ഈ ദ്വീപുകൾ വിജയകരമായി ഉപയോഗിച്ചിരുന്നു. പ്രായോഗികമായി അമേരിക്കയുടെ ഭാഗമാണെങ്കിലും ഇവിടുത്തെ തൊഴിൽ നിയമങ്ങൾ അമേരിക്കയിലേതിൽ നിന്ന് വ്യത്യസ്തമാണ്. 1997 മുതൽ 2007 വരെ ഒരു മണിക്കൂറിലെ കുറഞ്ഞ കൂലി കോമൺവെൽത്തിൽ 3.05 ഡോളറായിരുന്നു. ഇത് അമേരിക്കൻ നിരക്കിനേക്കാൾ വളരെക്കുറവാണ്. മറ്റു ചില തൊഴിൽ സംരക്ഷണനിയമങ്ങളും ഇവിടെ ദുർബലമാണ്. നിർമ്മാണച്ചെലവ് ഇക്കാരണങ്ങളാൽ ഇവിടെ കുറവായിരുന്നു. തുണിത്തരങ്ങളിൽ മേഡ് ഇൻ യു.എസ്.എ. എന്ന ലേബലോടുകൂടി കുറഞ്ഞ ചിലവിൽ വസ്ത്രങ്ങൾ നിർമ്മിക്കാൻ ഇത് സഹായകമായി. 2007 മേയ് 25-ന് ജോർജ്ജ് ബുഷ് നടപ്പിൽ വരുത്തിയ അമേരിക്കൻ മിനിമം വേജ് നിയമം പടിപടിയായി കൂലി ഉയർത്തിക്കൊണ്ടുവരുവാൻ വ്യവസ്ഥ ചെയ്തു. 2015-ൽ ഇത് അമേരിക്കൻ നിലയിലെത്തും.[24] [25] അമേരിക്കൻ തൊഴിൽ നിയമങ്ങൾ ദ്വീപിൽ ബാധകമല്ലാതിരുന്നത് അധികജോലി ചെയ്യിപ്പിക്കൽ, ബാലവേല, ബാലവേശ്യാവൃത്തി, നിർബന്ധിത ഗർഭഛിദ്രങ്ങൾ എന്നിങ്ങനെ പല തരം ചൂഷണങ്ങൾക്കും കാരണമായിരുന്നുവത്രേ. [26][27] ഫെഡറൽ സർക്കാരിന്റെ നിയന്ത്രണത്തിന്റെ കീഴിലല്ലാത്ത കുടിയേറ്റനിയമം (ഇത് 2009 ഡിസംബർ 28-ന് അവസാനിച്ചു) വലിയ തോതിൽ ചൈനക്കാരായ തൊഴിലാളികൾ ഇവിടെയെത്താൻ കാരണമായത്രേ. ചൈനയുടെ ഉത്പന്നങ്ങൾ അമേരിക്കയിലേയ്ക്ക് കയറ്റിയയ്ക്കാനുള്ള നിയന്ത്രണങ്ങൾ 2005-ൽ നീങ്ങിയത് കോമൺവെൽത്തിന് വലിയ തിരിച്ചടിയായി. ധാരാളം ഫാക്ടറികൾ ഇതോടെ പൂട്ടിപ്പോയി. 2009-ൽ തുണിവ്യവസായം ഇല്ലാതെയായി.[28] കപ്പ, കന്നുകാലികൾ, തേങ്ങ, തക്കാളി, തണ്ണിമത്തൻ എന്നിവയാണ് കാർഷികരംഗത്തെ പ്രധാന മേഖലകൾ. മൊത്തം സാമ്പത്തികരംഗത്ത് കൃഷിയുടെ പ്രാധാന്യം തുലോം തുച്ഛമാണ്. ദ്വീപു വാസികളല്ലാത്തവർക്ക് ഭൂമി സ്വന്തമാക്കാൻ അവകാശമില്ല. എങ്കിലും പാട്ടത്തിനെടുക്കാൻ സാധിക്കും. [29] ചില ഫെഡറൽ ചട്ടങ്ങളിൽ ബാധകമല്ലാതിരുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾനോർതേൺ മറിയാന ദ്വീപുകൾ അമേരിക്കയുടെ ഭാഗമാണെങ്കിലും പല കോൺഗ്രസ്സ് അംഗങ്ങളും അമേരിക്കയുടെ തൊഴിൽ നിയമങ്ങൾ ഇവിടെ ബാധകമാക്കുന്നതിനെ എതിർത്തിരുന്നു. സ്ത്രീകളെ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിക്കുന്നതുപോലുള്ള തൊഴിൽ നയങ്ങൾ ഇവിടെ നടപ്പാക്കപ്പെട്ടിരുന്നുവത്രേ. സ്ത്രീകളെ അടിമകളാക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്യപ്പെട്ടിരുന്നു. ഗതാഗതവും ആശയവിനിമയവുംദ്വീപുകളിൽ 350 കിലോമീറ്റർ ഹൈവേകളുണ്ട്. ടാർ ചെയ്ത മൂന്ന് വിമാനത്താവളങ്ങളും ടാർ ചെയ്യാത്ത മൂന്നു വിമാനത്താവളങ്ങളും ഒരു ഹെലിപ്പാഡും ഇവിടെയുണ്ട്. അമേരിക്കയിലെ തപാൽ സർവ്വീസാണ് ഇവിടെ തപാൽ കൈകാര്യം ചെയ്യുന്നത്. 96950 മുതൽ 96952 വരെയുള്ള പിൻ കോഡുകളാണ് ദ്വീപുകൾക്ക് നൽകപ്പെട്ടിരിക്കുന്നത്. [30][31] വടക്കേ അമേരിക്കൻ നമ്പർ സംവിധാനമനുസരിച്ചുള്ള ടെലിഫോൺ ശൃംഖലയാണ് ഇവിടെയുള്ളത്. 670 ആണ് ഏരിയ കോഡ്.[30] വിദ്യാഭ്യാസംസർക്കാറുടമസ്ഥതയിലുള്ള സ്കൂളുകളും ധാരാളം സ്വകാര്യ സ്കൂളുകളും ഇവിടെയുണ്ട്. നോർതേൺ മറിയാനാസ് കോളേജ് അമേരിക്കയിലെ കോളേജുകളിലേതുപോലുള്ള കോഴ്സുകൾ പഠിപ്പിക്കുന്നു. ദ്വീപുകളും ദ്വീപസമൂഹങ്ങളും മുനിസിപ്പാലിറ്റികളും463.63 ചതുരശ്ര കിലോമീറ്ററാണ് ദ്വീപുകളുടെ ആകെ വിസ്തീർണ്ണം. വടക്കുമുതൽ തെക്കോട്ടുള്ള ദ്വീപുകളുടെ വിവരങ്ങളാണ് പട്ടികയിൽ കൊടുത്തിരിക്കുന്നത്:
ഭരണപരമായി നോർതേൺ മറിയാന ദ്വീപുകളെ നാലു മുനിസിപ്പാലിറ്റികളായി തിരിച്ചിട്ടുണ്ട്: സായ്പാനു വടക്കുള്ള ദ്വീപുകൾ (നോർതേൺ ഐലന്റ്സ്) ചേർന്ന് നോർതേൺ ഐലന്റ് മുനിസിപ്പാലിറ്റി എന്ന ഒറ്റ മുനിസിപ്പാലിറ്റിയായാണ് പരിഗണിക്കുന്നത്. സതേൺ ഐലന്റുകളിലെ മൂന്ന് പ്രധാന ദ്വീപുകൾ (സായ്പാൻ), (ടിനിയൻ) (റോട്ട) എന്നിവ ഓരോ മുനിസിപ്പാലിറ്റികളാണ്. മനുഷ്യവാസമില്ലാത്ത അഗൂയിജാൻ ടിനിയൻ മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. അഗ്നിപർവ്വതഭീഷണി കാരണം വടക്കൻ ദ്വീപുകളിൽ നിന്ന് ആൾക്കാരെ ഒഴിപ്പിക്കുകയുണ്ടായി. അഗ്രിഹാൻ, പേഗൺ, അലാംഗാൻ എന്നീ ദ്വീപുകളിലേ മനുഷ്യവാസമുള്ളൂ. ജനസംഖ്യ സാമ്പത്തികകാരണങ്ങളാലും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയും മറ്റുമുള്ള യാത്രകളാൽ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. 2010-ലെ സെൻസസ് അനുസരിച്ച് നോർതേൺ ഐലന്റ് മുനിസിപ്പാലിറ്റിയിൽ ജനവാസമില്ല. ഇവിടുത്തെ മേയറുടെ ഓഫീസ് സായിപാനിലാണ് സ്ഥിതിചെയ്യുന്നത്!. സായിപാൻ, ടിനിയൻ, റോട്ട് എന്നിവിടങ്ങളിലാണ് തുറമുഖങ്ങളുള്ളത്. ഇവിടം മാത്രമാണ് സ്ഥിരമായി ജനവാസമുള്ള ദ്വീപുകൾ. ഇവയും കാണുകകുറിപ്പുകളും അവലംബങ്ങളും
പുറത്തേയ്ക്കുള്ള കണ്ണികൾസർക്കാർ സൈറ്റുകൾ
പൊതുവിവരങ്ങൾ
മാദ്ധ്യമങ്ങൾ
മറ്റുള്ളവ
|