മാർഗരറ്റ് താച്ചർ
യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാർഗരറ്റ് താച്ചർ (ഒക്ടോബർ 13, 1925 – ഏപ്രിൽ 8, 2013). 1979 മുതൽ 1990 വരെയാണ് ഇവർ പ്രധാനമന്ത്രി പദത്തിൽ പ്രവർത്തിച്ചത്. 1975 മുതൽ 1990 വരെയുള്ള കാലയളവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വം വഹിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലും പ്രവർത്തിച്ച ഒരേയൊരു വനിതയാണിവർ. "ഉരുക്കുവനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും ഇവർ അറിയപ്പെട്ടിരുന്നു. 1982ൽ അർജന്റീനയിൽനിന്ന് ഫാക്ക്ലാന്റ് ദ്വീപ് തിരിച്ചുപിടിച്ച ബ്രിട്ടീഷ് സൈന്യത്തിന് നിർദ്ദേശങ്ങൾ നൽകിയത് ഇവരായിരുന്നു. ചരിത്രത്തിൽ പ്രധാനമന്ത്രിപദത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച രണ്ടാമത്തെ വ്യക്തിയാണിവർ. സർ ഡെന്നിസ് താച്ചർ ആയിരുന്നു ഇവരുടെ ഭർത്താവ്. പോൾടാക്സ് രീതി ബ്രിട്ടനിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ താച്ചറിന് വൻ എതിർപ്പ് നേരിടേണ്ട് വന്നു. ഈ തീരുമാനത്തിനെതിരെ രാജ്യം മുഴുവൻ ലഹളകൾ നടന്നു. 1990ൽ ഇവർക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതിന് ഒരു കാരണം ഇതായിരുന്നു. ജീവിത രേഖ1925 ഒക്ടോബർ 13ന് മെതഡിസ്റ്റ് മതപ്രഭാഷകന്റെ മകളായി മാർഗരറ്റ് താച്ചർ ജനിച്ചു. മാർഗരറ്റ് റോബർട്സ് എന്നായിരുന്നു യഥാർത്ഥ നാമം. കോൾചെസ്റ്ററിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാഷ്ട്രീയത്തിലേയ്ക്ക് ചുവടുമാറ്റുത്. 2013 ഏപ്രിൽ 8-ന് പക്ഷാഘാതത്തെത്തുടർന്ന് അന്തരിച്ചു.[1] അവലംബം
|