ഉത്തര അറ്റ്ലാന്റിക്ക് സമുദ്രത്തിൽ ഡെന്മാർക്കിനു കീഴിലുള്ള ഒരു സ്വയംഭരണ[13][14]ദ്വീപാണ്ഗ്രീൻലാൻഡ് (കലാലിസൂത്ത്: Kalaallit Nunaat, "ഗ്രീൻലാൻഡുകാരുടെ രാജ്യം"; ഡാനിഷ്: Grønland). കാനഡയുടെ വടക്ക്-കിഴക്കായാണ് ഗ്രീൻലാൻഡ് സ്ഥിതിചെയ്യുന്നത്. ഭൂപ്രകൃതിയനുസരിച്ചും മനുഷ്യജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപരാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രതേകിച്ച് ഐസ്‌ലാൻഡ്, നോർവെ, ഡെന്മാർക്ക് എന്നീരാജ്യങ്ങളോട്, ബന്ധപ്പെട്ടുകിടക്കുന്നു. ഫറോ ദ്വീപുകൾക്കൊപ്പം ഡെന്മാർക്ക് രാജ്യത്തിനുള്ളിലെ രണ്ട് സ്വയംഭരണ പ്രദേശങ്ങളിലൊന്നായ ഇത് ഏറ്റവും വലിപ്പമുള്ള സ്വയംഭരണ പ്രദേശമാണ്. രണ്ട് പ്രദേശങ്ങളിലെയും പൗരന്മാർ ഡെൻമാർക്കിലെ പൂർണ്ണ പൗരന്മാരാണ്. ഗ്രീൻലാൻഡ് യൂറോപ്യൻ യൂണിയന്റെ വിദേശ രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഭൂഭാഗങ്ങളിലൊന്നായതിനാൽ ഗ്രീൻലാൻഡിലെ പൗരന്മാർ യൂറോപ്യൻ യൂണിയൻ പൗരന്മാരാണ്.[15] ഗ്രീൻലാൻഡിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ന്യൂക് ആണ്.[16] കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന് കിഴക്കുവശത്തായി, ആർട്ടിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിലാണ് ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്നത്. 1979 ൽ ഗ്രീൻലാൻഡിന് ഡെന്മാർക്ക് സ്വയംഭരണാവകാശം നൽകുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീൻലാൻഡ്. ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള കരയുടെ സ്ഥാനവും ഇതാണ്. വടക്കൻ തീരത്തുള്ള കഫെക്ലബ്ബെൻ ദ്വീപ് ലോകത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള തർക്കമില്ലാത്ത കര പോയിന്റാണ്; 1960-കൾ വരെ പ്രധാന ഭൂപ്രദേശത്തുള്ള കേപ്പ് മോറിസ് ജെസപ്പ് അങ്ങനെയാണെന്ന് കരുതപ്പെട്ടിരുന്നു. ഗ്രീൻലാൻഡ് ഒരു ഭൂഖണ്ഡമായി കണക്കാക്കുന്നില്ല.[17] സാമ്പത്തികമായി, ഗ്രീൻലാൻഡ് കോപ്പൻഹേഗനിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഇത് പ്രദേശത്തിന്റെ മൊത്തം പൊതു വരുമാനത്തിന്റെ പകുതിയോളം വരും.
വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണെങ്കിലും, ഗ്രീൻലാൻഡ് 986 മുതൽ ഒരു സഹസ്രാബ്ദത്തിലേറെയായി യൂറോപ്പുമായി (പ്രത്യേകിച്ച് കൊളോണിയൽ ശക്തികളായ നോർവേ, ഡെൻമാർക്ക്) രാഷ്ട്രീയമായും സാംസ്കാരികമായും ബന്ധപ്പെട്ടിരിക്കുന്നു.[18] കഴിഞ്ഞ 4,500 വർഷത്തിനിടയിൽ ഇടയ്ക്കിടെ ഗ്രീൻലാൻഡിൽ വസിച്ചിരുന്ന ധ്രുവപ്രദേശത്തുനു ചുറ്റുമുള്ള ജനതയുടെ പൂർവ്വികർ ഇന്നത്തെ കാനഡയിൽ നിന്ന് അവിടേക്ക് കുടിയേറിവരാണ്.[19][20] പത്താം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ഗ്രീൻലാൻഡിന്റെ ജനവാസമില്ലാത്ത തെക്കൻ ഭാഗത്ത് നോർസുകളുടം അധിവാസം തുടങ്ങുകയും (മുമ്പ് ഐസ്‌ലൻഡിൽ സ്ഥിരതാമസമാക്കിയിരുന്നവർ), പതിമൂന്നാം നൂറ്റാണ്ടിൽ അവിടേയ്ക്ക് ഇന്യൂട്ടുകൾ എത്തുകയും ചെയ്തു.
പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഡാനോ-നോർവീജിയൻ പര്യവേക്ഷകർ വീണ്ടും ഗ്രീൻലാൻഡിലെത്തി. 1814-ൽ ഡെൻമാർക്കും നോർവേയും വേർപിരിഞ്ഞപ്പോൾ, ഗ്രീൻലാൻഡ് ഡാനിഷ് രാജഭരണത്തിനു കീഴിലാകുകയും 1953-ൽ ഡെൻമാർക്കിന്റെ ഭരണഘടന പ്രകാരം ഗ്രീൻലാൻഡ് പൂർണ്ണമായും ഡെന്മാർക്കുമായി ലയിപ്പിച്ചതോടെ ഗ്രീൻലാൻഡിലെ ജനങ്ങൾ ഡെൻമാർക്ക് പൗരന്മാരായി മാറുകയും ചെയ്തു. 1979-ലെ ഗ്രീൻലാൻഡിക് ഹോം റൂൾ റഫറണ്ടത്തിൽ, ഡെൻമാർക്ക് ഗ്രീൻലാൻഡിന് സ്വയംഭരണം നൽകി. 2008-ലെ ഗ്രീൻലാൻഡിക് സ്വയംഭരണ റഫറണ്ടത്തിൽ, ഗ്രീൻലാൻഡുകാർ സ്വയംഭരണ നിയമത്തിന് അനുകൂലയമായി വോട്ട് ചെയ്തതോടെ ഡാനിഷ് സർക്കാരിൽ നിന്ന് പ്രാദേശിക നാലക്കേർസുയിസുട്ടിന് (ഗ്രീൻലാൻഡിക് ഗവൺമെന്റ്) കൂടുതൽ അധികാരം കൈമാറ്റം ചെയ്യപ്പട്ടു.[21] ഈ ഘടനയ്ക്ക് കീഴിൽ, ഗ്രീൻലാൻഡ് ക്രമേണ നിരവധി സർക്കാർ സേവനങ്ങളുടെയും കാര്യക്ഷമതയുള്ള മേഖലകളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തു. പൗരത്വം, ധനനയം, പ്രതിരോധം ഉൾപ്പെടെയുള്ള വിദേശകാര്യങ്ങൾ എന്നിവയുടെ നിയന്ത്രണം ഡാനിഷ് സർക്കാർ നിലനിർത്തുന്നു. ഗ്രീൻലാൻഡിൽ അധിവസിക്കുന്നവരിൽ ഭൂരിഭാഗവും ഇന്യൂട്ട് വംശജരാണ്.[22] ആഗോളതാപനം മൂലമുള്ള മഞ്ഞുരുകൽ ഭീഷണി നേരിടുന്ന ഇവിടുത്തെ ധാതുസമ്പത്തിന്റെ സമൃദ്ധി, യൂറോപ്പ്, വടക്കേ അമേരിക്ക, ആർട്ടിക് മേഖല എന്നിവയ്ക്കിടയിലുള്ള തന്ത്രപ്രധാനമായ സ്ഥാനം എന്നിവയാൽ റഷ്യയും അമേരിക്കയും ഉൾപ്പെടെയുള്ള വൻശക്തികൾക്ക് താൽപ്പര്യമുള്ള ഇവിടെ യുഎസിന്റെ ഒരു സൈനിക താവളം (പിറ്റുഫിക് സ്പേസ് ബേസ്) നിലനിൽക്കുന്നു.[23][24]
ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ, കാലാവസ്ഥ തുടങ്ങിയവയുടെ ശക്തമായ സ്വാധീനത്താൽ ഗ്രീൻലാൻഡിലെ ജനസംഖ്യ പ്രധാനമായും തെക്കുപടിഞ്ഞാറൻ തീരത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്, ദ്വീപിന്റെ ബാക്കി ഭാഗങ്ങളിൽ ജനസാന്ദ്രത തുലോം കുറവാണ്. ഗ്രീൻലാൻഡിന്റെ മുക്കാൽ ഭാഗവും അന്റാർട്ടിക്കയ്ക്ക് പുറത്തുള്ള സ്ഥിരമായ ഹിമപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. 56,583 (2022)[25] ജനസംഖ്യയുള്ള ഗ്രീൻലാൻഡ്, ലോകത്തിലെ ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള പ്രദേശമാണ്.[26] അതിന്റെ വൈദ്യുതി ഉൽപാദനത്തിന്റെ അറുപത്തിയേഴ് ശതമാനവും പ്രധാനമായും ജലവൈദ്യുതി പോലെയുള്ള പുനരുപയോഗ ഊർജ്ജത്തിൽ നിന്നാണ്.[27]
പദോൽപ്പത്തി
ആദ്യകാല നോർസ് കുടിയേറ്റക്കാരാണ് ദ്വീപിന് ഗ്രീൻലാൻഡ് എന്ന് പേരിട്ടത്. ഐസ്‌ലാൻഡിക് ഇതിഹാസങ്ങളിൽ പറയുന്നതു പ്രകാരം നോർവെക്കാരനായ എറിക് ദി റെഡ്, നരഹത്യാക്കുറ്റം ചുമത്തപ്പെട്ട പിതാവ് തോർവാൾഡിനൊപ്പം ഐസ്‌ലാൻഡിൽ നിന്ന് നാടുകടത്തപ്പെട്ടുവെന്നാണ്. വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്നതായി കേട്ടിട്ടുള്ള ഒരു മഞ്ഞുമൂടിയ ഭൂമി പര്യവേക്ഷണം ചെയ്യാൻ അദ്ദേഹം തന്റെ വലിയ കുടുംബത്തോടും അടിമകളോടുമൊപ്പം കപ്പലുകളിൽ പുറപ്പെട്ടു. മഞ്ഞുമൂടിയി ദ്വീപിൽ വാസയോഗ്യമായ ഒരു പ്രദേശം കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കിയ ശേഷം, ഒരു മനോഹരമായ പേര് കുടിയേറ്റക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം അതിന് ഗ്രോൺലാൻഡ് ("ഗ്രീൻലാൻഡ്" എന്ന് വിവർത്തനം) എന്ന് പേരിട്ടു.[28][29][30] എറിക് ദി റെഡ് എന്ന ഇതിഹാസം പറയുന്നു. "വേനൽക്കാലത്ത്, എറിക് താൻ കണ്ടെത്തിയ പ്രദേശത്ത് സ്ഥിരതാമസമാക്കാനുറക്കുകയും അതിനെ അദ്ദേഹം ഗ്രീൻലാൻഡ് എന്ന് പേരിട്ടു വിളിച്ചു. കണ്ടെത്തിയ ഭൂമിയ്ക്ക് അനുകൂലമായ ഒരു പേരുണ്ടെങ്കിൽ ആളുകൾ അവിടേക്ക് ആകർഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു."[31] ഗ്രീൻലാൻഡിക് ഭാഷയിൽ ആ പ്രദേശത്തിന്റെ പേര് കലാലിത് നുനാത്ത് എന്നാണ്. കാലാലിതുകൾ പ്രദേശത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വസിക്കുന്ന ഗ്രീൻലാൻഡിക് ഇന്യൂട്ടുകളുടെ ഒരു കൂട്ടമാണ്.
ചരിത്രം
എഴുതപ്പെട്ട ചരിത്രവിവരണങ്ങൾക്ക് മുൻപ് പാലിയോ-എസ്കിമോകൾ ഇവിടെ വസിച്ചിരുന്നു. എ.ഡി 984 മുതൽ ദ്വീപിന്റെ ഏറ്റവും തെക്കുകിഴക്കൻ മുനമ്പിനടുത്തുള്ള ഫ്യോർഡുകളിൽ ഐസ്‌ലാൻഡുകാർ കോളനി സ്ഥാപിച്ചിരുന്നു. ഇത്തരം ആവാസകേന്ദ്രങ്ങൾ വളരെപ്പെട്ടെന്ന് വികസിച്ചു, നൂറ്റാണ്ടുകളോളം ഇത് തുടർന്നുവെങ്കിലും 1400 കളിൽ ഇവ അപ്രത്യക്ഷമായി, ചെറു ഹിമയുഗത്തിന്റെ ക്രമരഹിത വെളിപ്പെടലുകൾ നടന്ന കാലമായിരുന്നു അത്. [32]
ഭൂമിശാസ്ത്രവും കാലാവസ്ഥയും
ഗ്രീൻലാൻഡിന്റെ ഭൂപടം.
ഗ്രീൻലാൻഡിന്റെ തെക്കുകിഴക്ക് അറ്റ്ലാന്റിക്ക് മഹാസമുദ്രവും, കിഴക്ക് ഗ്രീൻലാൻഡ് കടലും, വടക്ക് ആർട്ടിക്ക് സമുദ്രവും, പടിഞ്ഞാറ് ബാഫിൻ ഉൾക്കടലും സ്ഥിതിചെയ്യുന്നു. ഗ്രീൻലാൻഡിന്റെ കിഴക്ക് വശത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിലുള്ള ഐസ്‌ലാൻഡും, പടിഞ്ഞാറ് ബഫിൻ ഉൾക്കടലോട് ചേർന്നുള്ള കാനഡയുമാണ് ഏറ്റവും അടുത്ത രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതും ഈ ദ്വീപിലാണ്.
ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ തീരം
ഗ്രീൻലാൻഡിന്റെ മൊത്തം വിസ്തീർണ്ണം 2,166,086 ചതുരശ്ര കി.മീറ്റർ (836,109 ച.മൈൽ) ആണ്. ഇതിൽ 1,755,637 ച.കി.മീ (677,676 ച.മൈൽ) (81%) ഭാഗവും ഹിമപാളികൾക്കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. ഈ ഹിമപാളികളുടെ അളവ് 2.85 ദശലക്ഷം ക്യുബിക്ക് കി.മീറ്റർ വരും.[33] 39,330 കി.മീറ്ററാണ് മൊത്തം തീരപ്രദേശത്തിന്റെ നീളം ഇത് ഭൂമധ്യരേഖയിൽകൂടിയുള്ള ഭൂമിയുടെ ചുറ്റളവിനോളം തുല്യമാണ്. 3,694 മീറ്റർ (12,119 അടി) ഉയരമുള്ള ഗൺജൊം ആണ് ഏറ്റവും ഉയരം കൂടിയ ഭാഗം, ഭൂരിഭാഗം പ്രദേശങ്ങളും 1,500 മീറ്ററിൽ താഴെയാണ് സ്ഥിതിചെയ്യുന്നത്.
ഗ്രീൻലാൻഡിനെ മൂടിയിരിക്കുന്ന ഹിമത്തിന്റെ ഭാരം കാരണമായി നടുഭാഗം സമുദ്രനിരപ്പിൽനിന്ന് 300 മീറ്റർ (1,000 അടി) തഴെയാണ് സ്ഥിതിചെയ്യുന്നത്.[34] സാധരണനിലയിൽ ദ്വീപിന്റെ മധ്യഭാഗത്ത് നിന്നാണ് തീരഭാഗത്തേക്ക് ഹിമം ഒഴുകിക്കൊണ്ടിരിക്കുന്നത്.
എല്ലാ പട്ടണങ്ങളും ജനവാസ പ്രദേശങ്ങളും തീരപ്രദേശത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജനസംഖ്യയിൽ ഭൂരിഭാഗവും പശ്ചിമ തീരപ്രദേശങ്ങളിലാണ് വസിക്കുന്നത്. ഗ്രീൻലാൻഡിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഭാഗം ഏതെങ്കിലും പ്രദേശിക ഭരണത്തിന്റെ കീഴിൽ ഉൾപ്പെടുന്നില്ല മറിച്ച് ഈ ഭാഗം ലോകത്തിലെ ഏറ്റവും വലിയ ദേശിയീദ്യാനം ആയ വടക്കുകിഴക്കൻ ഗ്രീൻലാൻഡ് ദേശിയോദ്യാനമാണ്.
കുറഞ്ഞത് നാല ശാസ്ത്ര പര്യടന കേന്ദ്രങ്ങളും ക്യാമ്പുകളും ഗ്രീൻലാൻഡിന്റെ ഹിമപാളികൾ മൂടികിടക്കുന്ന മധ്യഭാഗത്ത് അവയ്ക്ക് മേലെ സ്ഥിതിചെയ്യുന്നുണ്ട്. എസിമിറ്റെ, നോർത്ത് ഐസ്, നൊർത്ത് ജി.ആർ.ഐ.പി. ക്യാമ്പ്, റാവെൻ സ്കൈ വേ എന്നിവ അവയിൽപ്പെട്ടതാണ്. ഇപ്പോൾ അവിടെ വർഷം മുഴുവനും പ്രവർത്തിക്കുന്ന സമ്മിറ്റ് ക്യാമ്പ് എന്ന സ്റ്റേഷനുണ്ട്, 1989 ലാണ് ഇത് സ്ഥാപിച്ചത്. 1950 വരെ ജോർഗെൻ ബ്രോണ്ട്‌ലണ്ട് ജോർഡ് എന്ന റേഡിയോ സ്റ്റേഷനായിരുന്നു ലോകത്തിലെ ഏറ്റവും വടക്കുള്ള സ്ഥിരവാസ കേന്ദ്രം.
ഗ്രീൻലാൻഡിന്റെ തെക്ക് നാനോർതാലികിൽ നിന്നുള്ള ദൃശ്യം, ഈ ഭാഗത്താണ് ജോർഡുകളും പർവ്വതങ്ങളും കൂടുതലുള്ളത്.
ഗ്രീൻലാൻഡിന്റെ ഏറ്റവും വടക്കുള്ള പിയറി ലാൻഡ് ഹിമപാളികൾ നിറഞ്ഞതല്ല, കാരണം അവിടെ അന്തരീക്ഷത്തിലെ വളരെ വരണ്ടതായതാണ്, ഇത് ഹിമപാളി രൂപപ്പെടാൻ സഹായകമാകുന്നില്ല. ഗ്രീൻലാൻഡിലെ മഞ്ഞുപാളി ഉരുകുകയാണെങ്കിൽ സമുദ്രജലനിരപ്പ് 7 മീറ്ററിൽ [35] കൂടുതൽ ഉയരുമെന്ന് കണക്കാക്കുന്നു, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഗ്രീൻലാൻഡ് ഒരു ദ്വീപസമൂഹമായി മാറാൻ സാധ്യതയുണ്ട്.
Ackrén, Maria (November 2017). "Greenland". Autonomy Arrangements in the World. Archived from the original on 30 August 2019. Retrieved 30 August 2019. Faroese and Greenlandic are seen as official regional languages in the self-governing territories belonging to Denmark.
"Greenland". International Cooperation and Development (in ഇംഗ്ലീഷ്). European Commission. 3 June 2013. Archived from the original on 16 September 2014. Retrieved 27 August 2019. Greenland [...] is an autonomous territory within the Kingdom of Denmark
↑"Greenland". The World Factbook. CIA. Archived from the original on 9 January 2021. Retrieved 13 January 2021.
↑"Greenland". The World Factbook. CIA. Archived from the original on 9 January 2021. Retrieved 13 January 2021.
↑Mcghee, Robert (3 April 2015). "Thule Culture". Canadian Encyclopedia. Historica Canada. Archived from the original on 20 November 2015. Retrieved 1 June 2015.
↑Sanger, David E.; Friedman, Lisa (23 December 2024). "Trump's Wish to Control Greenland and Panama Canal: Not a Joke This Time". The New York Times. Retrieved 26 December 2024. Instead, while naming a new ambassador to Denmark—which controls Greenland's foreign and defense affairs—Mr. Trump made clear on Sunday that his first-term offer to buy the landmass could, in the coming term, become a deal the Danes cannot refuse.