തായ്പെയ്
തയ്‌വാന്റെ (റിപ്പബ്ളിക് ഒഫ് ചൈന) തലസ്ഥാനമാണ് തയ് പെയ്'Taipei City' (ചൈനീസ്: 臺北市; പിൻയിൻ: Táiběi Shì)[1] . തയ്‌വാനിലെ ഏറ്റവും വലിയ നഗരവും ദ്വീപിലെ മുഖ്യ വാണിജ്യ-വ്യാവസായിക-സാംസ്കാരിക കേന്ദ്രവും തയ്പെയ് ആണ്. തൈപേ, തൈബീ എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്. ചൈനാക്കടലിൽ സ്ഥിതിചെയ്യുന്ന തയ്‌വാൻ ദ്വീപിന്റെ വടക്ക് ഭാഗത്തായി, താൻസൂയി നദിയുടെ കിഴക്കൻ കരയിലാണ് തയ്പെയുടെ സ്ഥാനം. പ്രത്യേക പദവിയും അധികാരങ്ങളുമുള്ള മുനിസിപ്പാലിറ്റിയാണ് തയ്പെയ്. ജനസംഖ്യ: 2.69 ദശലക്ഷം (2001). തയ്‌വാൻ ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള പർവതങ്ങൾ ചൂഴ്ന്ന താഴ്വാരപ്രദേശത്താണ് തയ്പെയ് നഗരം സ്ഥിതിചെയ്യുന്നത്. കടൽത്തീരത്തു നിന്ന് ഏതാണ്ട് 40 കി.മീ. ഉള്ളിലായാണ് ഇതിന്റെ സ്ഥാനം. ജനുവരിയിൽ 15.3 °C-ഉം ജൂലായിൽ 28.5 °C-ഉം ശരാശരി താപനിലയനുഭവപ്പെടുന്നു; ശരാശരി വാർഷിക വർഷപാതം: 2128 മി.മീ. ധാരാളം റോഡുകളും ഹൈവേകളും നഗരത്തിലൂടെ കടന്നു പോകുന്നു. ചീ ലുങ് ആണ് തുറമുഖം. തയ്‌വാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ (ചിയാങ് കൈഷക്) കൂടാതെ ഒരു ആഭ്യന്തര വിമാനത്താവളവും ഇവിടെ പ്രവർത്തിക്കുന്നു. 1700-കളിൽ ഒരു ചെറിയ വാണിജ്യ കേന്ദ്രമായി രൂപം കൊണ്ട തയ്പെയ് ഇന്ന് നാഷണലിസ്റ്റ് ചൈനയിലെ പ്രധാന രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക കേന്ദ്രമായി വികസിച്ചിരിക്കുന്നു. വസ്ത്രങ്ങൾ, രാസവസ്തുക്കൾ, ഗതാഗതോപകരണങ്ങൾ, സംസ്കരിച്ച ഭക്ഷ്യ വസ്തുക്കൾ, യന്ത്രസാമഗ്രികൾ, തടി-ലോഹ ഉപകരണങ്ങൾ, ശുദ്ധീകരിച്ച പെട്രോളിയം, ഇലക്ട്രിക്കൽ-ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് മുഖ്യ വ്യാവസായികോത്പന്നങ്ങൾ. ബുദ്ധവിഹാരങ്ങൾ, ഹ്വാകാങ് മ്യൂസിയം, ദ് നാഷണൽ മ്യൂസിയം ഒഫ് ഹിസ്റ്ററി, ദ് നാഷണൽ തയ്‌വാൻ സയൻസ് ഹാൾ, ദ് നാഷണൽ പാലസ് മ്യൂസിയം, ദ് നാഷണൽ തയ്വാൻ ആർട്സ് സെന്റർ, നാഷണൽ സെൻട്രൽ ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങൾ തയ്പെയ്ക്ക് മുതൽക്കൂട്ടായി വർത്തിക്കുന്നു. ഇവയിൽ നാഷണൽ പാലസ് മ്യൂസിയം ചൈനീസ് കലാരൂപങ്ങളുടെ ഏറ്റവും വിപുലമായ ശേഖരം എന്ന നിലയിൽ വിശ്വപ്രശസ്തി ആർജിച്ചിരിക്കുന്നു. കമ്യൂണിസ്റ്റ് അധിനിവേശത്തിനു തൊട്ടുമുൻപ് വൻകരഭാഗത്തെ വിവിധ സാംസ്കാരികകേന്ദ്രങ്ങളിൽ നിന്ന് കടത്തി മാറ്റിയവയാണ് ഈ ശേഖരത്തിലെ ഏറിയ പങ്കും. ഫു-ജിൻ കാതലിക് സർവകലാശാല (1963) നാഷണൽ ചെങ്ചി സർവകലാശാല (1927), നാഷണൽ തയ് വാൻ സർവകലാശാല (1928), ഷു ചോ സർവകലാശാല (1900), മറ്റ് വിഷയാധിഷ്ഠിത കോളജുകൾ തുടങ്ങിയവ തയ് പെയ് നഗരത്തിലെ വിദ്യാഭ്യാസ മേഖലയെ സമ്പന്നമാക്കുന്നു. ലോകത്തെ ജനസാന്ദ്രതയേറിയ നഗരങ്ങളിൽ ഒന്നാണ് തയ് പെയ്. 1949 മുതൽ ചൈനയിൽ നിന്നുള്ള കുടിയേറ്റം ഇവിടെ ഗണ്യമായ ജനസംഖ്യാപെരുപ്പത്തിനു വഴിയൊരുക്കി. 1886-ൽ തയ്‌വാൻ പ്രവിശ്യാപദവി ലഭിച്ചതോടെ 1891-ൽ തയ്പെയ് അതിന്റെ തലസ്ഥാനമായി മാറി. 1895-ൽ തയ്‌വാൻ ജപ്പാനു കൈമാറ്റം ചെയ്യപ്പെട്ടു. തുടർന്ന് നഗരം ജാപ്പനീസ് ഗവർണർ ജനറലിന്റെ ആസ്ഥാനമാവുകയും നഗരനാമധേയം 'തയ്ഹോകു' (Taihoku) എന്നായി മാറുകയും ചെയ്തു. 1895 മുതൽ 1945 വരെയുള്ള ജാപ്പനീസ് ഭരണകാലത്ത് തയ്പെയിൽ വികസനത്തിന്റേയും ആധുനികവത്കരണത്തിന്റേയും ഒരു തരംഗം തന്നെയുണ്ടായി. ഈ കാലഘട്ടത്തിൽ ചുറ്റുമതിലുകൾ പൊളിച്ചുമാറ്റി നഗരത്തിന്റെ ഭൂരിഭാഗവും പുതുക്കിപ്പണിയുകയും പുതിയ തെരുവുകൾ നിർമ്മിക്കുകയും ചെയ്തു. 1945-ൽ തയ്വാൻ ചൈനയ്ക്കു തിരിച്ചു കിട്ടിയതോടെ തയ്പെയ് വീണ്ടും പ്രവിശ്യാ ആസ്ഥാനമായി മാറി.
അവലംബം
|