മെഹബൂബ്
ആദ്യകാല മലയാളചലച്ചിത്രപിന്നണിഗായകനായിരുന്നു എച്ച്. മെഹബൂബ് (1926 - 22 ഏപ്രിൽ 1981). ജീവിതരേഖബ്രിട്ടീഷ് കൊച്ചിയിൽ ദെഖ്നികൾക്കിടയിൽ ഹുസൈൻഖാന്റെയും തൂക്കഖാലയുടെയും രണ്ടാമത്തെ മകനായി മെഹബൂബ് ഖാൻ ജനിച്ചു. ഹിന്ദി ഭാഷയിലും ഉറുദു ഭാഷയിലും പരിജ്ഞാനമുള്ളവരായിരുന്നു ദെഖ്നികൾ. തീർത്തും കലാപരമായിരുന്നു അവരുടെ ജീവിതവുൻ സംസ്കാരവും. മെഹബൂബിന്റെ ചെറുപ്രായത്തിൽ തന്നെയാണ് പിതാവ് മരിച്ചത്. അനാഥമായ കുടുംബത്തെ പുലർത്താൻ വേണ്ടി മെഹബൂബിന് വടക്കാഞ്ചേരിയിലെ ബ്രിട്ടീഷ് കുതിരപ്പട്ടാളത്തിൽ ജോലിയെടുക്കേണ്ടി വന്നു.[1] ചെറുപ്പത്തിൽ തന്നെ സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ച മെഹബൂബ് മെഹ്ഫിൽ വേദികളിലും കല്യാണസദസ്സുകളിലും മറ്റു ജനവേദികളിലും പാടി ജനഹ്രൃദയങ്ങളിൽ സ്ഥാനം പിടിച്ചു.[2] പ്രശസ്ത ഗസൽ ഗായകൻ പങ്കജ് മല്ലിക്ക് മെഹബൂബിലെ ഗായകനെ തിരിച്ചറിയുകയും അദ്ദേഹത്തെ മുഹമ്മദ് റാഫി കൺസേർട്ടുകളിലും കച്ചേരികളിലും പങ്കെടുപ്പിക്കുകയും ചെയ്തു.[1] ബോംബേയിലെ ബാർവാലകളുടെ ഇടയിൽ പോലും മെഹബൂബ് പ്രശസ്തനായി. ഫോർട്ടു കൊച്ചിയിൽ താമസിച്ചിരുന്ന വെള്ളക്കാർക്ക് പോലും മെഹബൂബിന്റെ ഗാനങ്ങൾ ഹരമായിരുന്നു. മട്ടാഞ്ചേരിയിലെ തന്നെ സംഗീതപ്രേമികളുടെ ഒരു വലിയ സൗഹൃദവൃന്ദം മെഹബൂബിനുണ്ടായിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ ജീവിതനൗകയിലാണ് മെഹബൂബ് ആദ്യമായി പാടുന്നത്. സുഹൃത്തും നടനുമായ ടി.എസ്. മുത്തയ്യയാണ് അദ്ദേഹത്തെ ഈ ചിത്രത്തിനായി ശുപാർശ ചെയ്തത്. മുഹമ്മദ് റാഫിയുടെ അതിപ്രശസ്തമായ "സുഹാനി രാത് ഢൽ ചുക്കി" എന്ന ഗാനത്തിന്റെ മലയാളം പതിപ്പിനു ഓർക്കസ്റ്റ്രേഷൻ ഒരുക്കിയത് ദക്ഷിണാമൂർത്തിയായിരുന്നു.[3] ഈ ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും നീലക്കുയിലിലെ "മാനെന്നും വിളിക്കില്ല" എന്ന ഗാനമാണ് ഒരു ഗായകൻ എന്ന നിലയിൽ മലയാളികളുടെ ഇടയിൽ മെഹബൂബിന് ഇടം നൽകിയത്.[4][5] തുടർന്ന് ബാബുരാജ്, കെ. രാഘവൻ, ദേവരാജൻ, ആർ. കെ. ശേഖർ തുടങ്ങി പ്രഗല്ഭരുടെ സംഗീതത്തിൽ നിരവധി ഗാനങ്ങൾ. പാടിയ എല്ലാ ഗാനങ്ങളും ഹിറ്റാക്കിയ ചുരുക്കം ഗായകരിലൊരാളാണ് മെഹബൂബ്. പി. ഭാസ്കരന്റെ രചനയിലാണ് അദ്ദേഹം കൂടുതലായും പാടിയത്. തമാശരൂപേണയുള്ള ഗാനങ്ങളായിരുന്നു ഇവയിൽ മിക്കതും. സിനിമയിൽ പാടിയതിലും എത്രയോ കൂടുതൽ ഗാനങ്ങൾ സ്വകാര്യവേദികളിലും നാടകങ്ങളിലും മെഹബൂബ് പാടിയിട്ടുണ്ട്. എന്നാൽ ഇവയിൽ പലതും റെക്കോർഡ് ചെയ്യപ്പെട്ടിട്ടില്ല. മേപ്പള്ളി ബാലൻ എന്ന സുഹൃത്താണ് ഈ ഗാനങ്ങളിൽ പലതിനും സംഗീതം നൽകിയത്.[2] ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ഗായകനായിരുന്ന മെഹബൂബ് പക്ഷേ ജീവിതത്തിൽ ഒരു പരാജിതനായിരുന്നു. ചരിത്രകാരന്മാർ മുഴുക്കുടിയനായി ജീവിച്ച പാട്ടുകാരനായി മാത്രം അദ്ദേഹത്തെ വിലയിരുത്തുന്നു. വളരെ താഴ്ന്ന നിലയിൽ ജീവിച്ച സമനിലയിൽ കഴിഞ്ഞ സുഹൃത്തുക്കളുമായി ലയിച്ചു കഴിഞ്ഞ ആളായിരുന്നു മെഹബൂബ്. എഴുപതുകളുടെ അവസാനം തന്നെ ചലച്ചിത്രരംഗത്തോടു വിട പറഞ്ഞ മെഹബൂബ് പിന്നെ കച്ചേരികളിലും സ്വകാര്യവേദികളുലും മാത്രമായി ഒതുങ്ങിക്കൂടി.[2] അവസാനകാലത്ത് രോഗങ്ങളും ദാരിദ്ര്യവും അലട്ടിയിരുന്ന അദ്ദേഹം 1981 ഏപ്രിൽ 22ന് അന്തരിച്ചു. അവലംബങ്ങൾ
സ്രോതസ്സുകൾ
കൂടുതൽ വിവരങ്ങൾക്ക്
|