ഇമ്മാനുവേൽ കാന്റ്
പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത ജർമ്മൻ തത്ത്വചിന്തകനാണ് ഇമ്മാനുവേൽ കാൻറ് (1724 ഏപ്രിൽ 22-1804 ഫെബ്രുവരി 12) . പൊതുവേ, ആധുനികകാലത്തെ ഏറ്റവും ശ്രദ്ധേയനായ തത്ത്വചിന്തകനായി അദ്ദേഹം കണക്കാക്കപ്പെട്ടുപോരുന്നു.[1] കേവലയുക്തിയുടെ നിരൂപണത്തിൽ (Critique of Pure Reason) താൻ അവതരിപ്പിച്ച സിദ്ധാന്തങ്ങളുടെ പ്രാധാന്യത്തെ സംഗ്രഹിച്ച് അദ്ദേഹം തന്നെ പറഞ്ഞത് അവ "തത്ത്വചിന്തയിൽ ഒരു കോപ്പർനിക്കൻ വിപ്ലവം സാധിച്ചു" എന്നാണ്. [ക] അദ്ദേഹത്തിന്റെ പ്രധാനകൃതിയായ "കേവലയുക്തിയുടെ നിരൂപണം" യുക്തിയെക്കുറിച്ചുതന്നെയുള്ള ഒരന്വേഷണമാണ്. പരമ്പരാഗതമായ അതിഭൗതികത്തിൻ്റെയും (Metaphysics) വിജ്ഞാനശാസ്ത്രത്തിൻ്റെയും (Epistemology) നിശിതമായ വിമർശനവും ഈ വിഷയങ്ങളെക്കുറിച്ചുള്ള കാന്റിന്റെ നിലപാടുകളും അതിൽ അടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ പക്വമായ ചിന്തകളടങ്ങുന്ന മറ്റൊരു കൃതിയായ പ്രായോഗിക യുക്തിയുടെ വിമർശനത്തിന്റെ (Critique of Practical Reason) വിഷയം ധർമ്മശാസ്ത്രമാണ്. വേറൊരു കൃതിയായ "തീരുമാനങ്ങളുടെ വിമർശനം" (Critique of Judgement) ചർച്ച ചെയ്യുന്നത് സൗന്ദര്യശാസ്ത്രവും (aesthetics) പ്രയോജനവാദവുമാണ് (teleology). കാന്റിന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ തത്ത്വചിന്തക്ക് യൂറോപ്പിൽ പ്രത്യേകിച്ച് ജർമ്മനിയിൽ, വലിയ പ്രചാരം കിട്ടി. ഫിച്ചേ, ഷില്ലർ, ഹേഗൽ, ഷോപ്പൻഹോവർ തുടങ്ങിയവർ അദ്ദേഹത്തിന്റെ ചിന്താപദ്ധതിയെ തിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകവഴി ജർമ്മൻ ആശയവാദത്തിന് ജന്മം കൊടുത്തു. തത്ത്വചിന്തയുടെ ലോകത്തിൽ കാന്റ് ഇന്നും ഒരു വലിയ സ്വാധീനമാണ്. ജീവിതരേഖബാല്യംപഴയ പ്രഷ്യൻ രാഷ്ട്രത്തിന്റെ ഭാഗമായിരുന്ന കോനിഗ്സ്ബെർഗിൽ 1724-ലാണ് കാന്റ് ജനിച്ചത്. (ഇപ്പോൾ കോണിഗ്സ്ബർഗ്, കാലിനിൻഗ്രാഡ് എന്ന പുതിയ പേരിൽ റഷ്യയുടെ ഭാഗമാണ്.) മാതാപിതാക്കന്മാരുടെ പതിനൊന്നു മക്കളിൽ അദ്ദേഹം നാലാമനായിരുന്നു. (പതിനൊന്നു മക്കളിൽ അഞ്ചു പേരൊഴിച്ചുള്ളവർ ബാല്യത്തിൽ മരിച്ചു.) മാമ്മോദീസായിൽ അദ്ദേഹത്തിന് എമ്മാനുവേൽ എന്നാണ് പേരിട്ടത്. എന്നാൽ പ്രായപൂർത്തിയായി എബ്രായ ഭാഷ പഠിച്ചപ്പോൾ അദ്ദേഹം പേര്, ദൈവം നമ്മോടുകൂടി എന്ന അതിന്റെ അർത്ഥത്തിന് ചേരും വിധം, ഇമ്മാനുവേൽ എന്നാക്കി.[2] അന്ന് കിഴക്കൻ പ്രഷ്യയുടെ തലസ്ഥാനമായിരുന്ന കോനിഗ്സ്ബർഗ്ഗിലും സമീപത്തുമായാണ് അദ്ദേഹം ജീവിതം മുഴുവൻ ചെലവഴിച്ചത്. ഒരിക്കലും അവിടന്ന് നൂറുമൈലിലധികം യാത്രചെയ്തിട്ടില്ല.[3]കാന്റിന്റെ പിതാവായിരുന്ന ജൊഹാൻ ജോർജ് കാന്റിന്റെ സ്വദേശം, ഇന്ന് ലിത്വാനിയയിലുൾപ്പെടുന്നതും അന്ന് പ്രഷ്യയുടെ ഏറ്റവും വടക്കുപടിഞ്ഞാറൻ നഗരമായിരുന്നതുമായ മെമെൽ ആയിരുന്നു. അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു. കുതിരകളുടെ ജീനിയും സ്റ്റിറപ്പും നിർമ്മിക്കുന്നത് തൊഴിലാക്കിയ ഒരു സ്കോട്ട്ലൻഡുകാരന്റെ മകളായിരുന്നു അവർ. ചെറുപ്പത്തിൽ ഏറെ കേമത്തം കാട്ടാത്ത ഒരു നല്ല വിദ്യാർത്ഥിയായിരുന്നു കാന്റ്. തീക്ഷ്ണമായ മതവിശ്വാസത്തിനും, വിനയത്തിനും, ബൈബിളിന്റെ അക്ഷരാർഥത്തിലുള്ള വ്യാഖ്യാനത്തിനും പ്രാധാന്യം കല്പിച്ച കുടുംബാന്തരീക്ഷത്തിലാണ് അദ്ദേഹം വളർന്നത്. അതുമൂലം, കഠിനരീതിയിലുള്ള വിദ്യാഭാസമാണ് അദ്ദേഹത്തിന് ലഭിച്ചത്. അത് കർശനവും, ശിക്ഷകൾ നിറഞ്ഞതും, അച്ചടക്കത്തിലൂന്നിയതും ആയിരുന്നു. ഗണിതം, ശാസ്ത്രം എന്നിവയേക്കാൾ മുൻതൂക്കം നൽകപ്പെട്ടത് ലത്തീനും മതപഠനത്തിനും ആയിരുന്നു. [4] യുവപണ്ഡിതൻപഠനത്തിൽ ഏറെ ശ്രദ്ധിച്ചിരുന്ന വിദ്യാർത്ഥിയായിരുന്നു കാന്റ്. ആദ്യം കോളേജിയം ഫ്രെഡറിക്കാനം എന്ന വിദ്യാലയത്തിലും തുടർന്ന് പതിനാറാമത്തെ വയസ്സിൽ കോണിഗ്സ്ബർഗ്ഗ് സർവകലാശാലയിലും അദ്ദേഹം ചേർന്നു. സർവകലാശാലയിൽ മാർട്ടിൻ ന്യൂട്ട്സൻ എന്ന യുക്തിചിന്തകന്റെ കീഴിൽ ലീബ്നീറ്റ്സ്, വോൾഫ് എന്നിവരുടെ തത്ത്വചിന്ത പഠിച്ചു. ന്യൂട്ടന്റെ പുതിയ ഗണിതാധിഷ്ഠിതഭൗതികശാസ്ത്രം കാന്റിന് പരിചയപ്പെടുത്തിയത് ന്യൂട്ട്സൻ ആണ്. എല്ലാ വാദങ്ങളേയും പൊതിഞ്ഞ് നൈസർഗ്ഗികമായ ഒരു തന്ത്രീലയം നിലകൊള്ളുന്നു എന്ന വാദം (The theory of pre-established harmony) സ്വീകരിക്കുന്നതിൽ നിന്ന് കാന്റിനെ ന്യൂട്ട്സൻ നിരുത്സാഹപ്പെടുത്തി. ആ വാദം അലസമനസ്സുകളുടെ തലയിണ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പരമ്പരാഗതമായ ആശയവാദത്തിനും ന്യൂട്ട്സൻ എതിരായിരുന്നു. ന്യൂട്ട്സന്റെ സ്വാധീനഫലമായി, കേവലയുക്തിയുടെ നിരൂപണത്തിൽ തന്റെ അതീന്ദ്രിയ ആശയവാദം (Transcendental Idealism) അവതരിപ്പിച്ചശേഷവും എല്ലാ യാഥാർഥ്യവും മാനസികമാണെന്ന പരമ്പരാഗത ആശയവാദത്തെ ആ കൃതിയുടെ രണ്ടാം ഭാഗത്ത് കാന്റ് വിമർശിച്ചു. 1746-ൽ പിതാവിന്റെ മരണം കാന്റിന്റെ പഠനത്തെ ബാധിച്ചു. അമ്മ നേരത്തേ മരിച്ചിരുന്നു. സാമ്പത്തികമായി ഞെരുക്കത്തിലായ അദ്ദേഹം സമീപനഗരങ്ങളിൽ സ്വകാര്യ ട്യൂഷൻ നൽകിയും മറ്റും ഉപജീവനം കണ്ടെത്താൻ നിർബ്ബന്ധിതനായി. എന്നാൽ അതിനിടയിലും അദ്ദേഹം തന്റെ വിജ്ഞാനസപര്യ തുടർന്നു. 1749-ൽ കാന്റ് തത്ത്വചിന്തയിലെ തന്റെ ആദ്യകൃതി പ്രസിദ്ധീകരിച്ചു. "ജീവശക്തികളുടെ യഥാർഥവിലമതിപ്പിനെക്കുറിച്ചുള്ള ചിന്തകൾ" (Thoughts on the True Estimation of Living Forces) എന്നായിരുന്നു അതിന്റെ പേര്. 1755-ൽ കാന്റ്, സർവകലാശാലയിൽ ലെക്ചറർ ആയി നിയമിതനായി. അതിഭൗതികമായിരുന്നു അദ്ദേഹം പഠിപ്പിച്ചത്. വേതനത്തോടുകൂടിയ നിയമനമല്ലായിരുന്നു ഇത്. അദ്ധ്യാപകന്റെ വരുമാനം ക്ലാസ്സിൽ സംബന്ധിക്കുന്നവർ നൽകുന്ന ഫീസ് മാത്രമായിരുന്നു.
പ്രൊഫസർ, അന്വേഷണംശാസ്ത്രവിഷയങ്ങളിലുള്ള കാന്റിന്റെ താത്പര്യം തുടർന്നെങ്കിലും അദ്ദേഹം പിന്നീട് കൂടുതലും ശ്രദ്ധവച്ചത് തത്ത്വചിന്തയിലാണ്. 1764-ൽ ബെർലിൻ അക്കാദമി നടത്തിയ ഒരു മത്സരത്തിൽ കാന്റിന്റെ ലേഖനം രണ്ടാം സ്ഥാനം നേടി. സ്വാഭാവിക ദൈവശാസ്ത്രത്തിന്റേയും സദാചാരത്തിന്റേയും തത്ത്വങ്ങളുടെ വ്യതിരിക്തത (Distinctness of the Principles of Natural Theology and Morality) എന്നതായിരുന്നു ലേഖനവിഷയം. കാന്റിന്റെ ഈ ലേഖനം, സമ്മാനിതലേഖനം (Prize Essay) എന്ന പേരിലാണ് സാധാരണ പരാമർശിക്കപ്പെടാറ്. 1770-ൽ 45 വയസ്സുള്ളപ്പോൾ കാന്റ്, കോണിഗ്സ്ബർഗ് സർവകലാശാലയിൽ തർക്കശാസ്ത്രത്തിന്റേയും തത്ത്വമീമാംസയുടേയും പ്രൊഫസറായി നിയമിതനായി. പ്രൊഫസറെന്ന നിലയിലുള്ള അരങ്ങേറ്റപ്രഭാഷണത്തിൽ അദ്ദേഹം തന്റെ പിൽക്കാലകൃതികളിലെ കേന്ദ്രപ്രമേയങ്ങൾ പലതും പരാമർശിച്ചു. ബുദ്ധിപരമായ ചിന്തയും ഇന്ദ്രിയസംവേദനവും തമ്മിലുള്ള വ്യത്യാസത്തിലുള്ള ഊന്നൽ ഈ പ്രമേയങ്ങളിൽ ഒന്നായിരുന്നു. കാന്റിനെ അലട്ടിയിരുന്ന പ്രശ്നം ഇരുപതാം നൂറ്റാണ്ടിലെ പണ്ഡിതന്മാർ മനസ്സിന്റെ തത്ത്വചിന്ത (Philosophy of the Mind) എന്നു വിളിക്കുന്നതാണ്. പ്രകൃതിശാസ്ത്രങ്ങളിലെ പുരോഗതി, വിവരങ്ങൾ തലച്ചോറിൽ എത്തുന്നതെങ്ങനെയെന്നതിനെക്കുറിച്ച് കൂടുതൽ വിപുലമായ അറിവിന് കാരണമായിരുന്നു. ഉദാഹരണമായി, സൂര്യപ്രകാശം ഒരു വിദൂരവസ്തുവിൽ പതിക്കുമ്പോൾ അതിന്റെ വിവിധഭാഗങ്ങളിൽ നിന്ന് പ്രകാശം, ഉപരിതലത്തിന്റെ നിറം, പ്രതലപ്രകൃതി തുടങ്ങിയ സ്വഭാവങ്ങൾ കാണിക്കുമാറ് പ്രതിഫലിക്കുന്നു. പ്രതിഫലിതമായ ഈ പ്രകാശം കാഴ്ചക്കാരനായ മനുഷ്യന്റെ കണ്ണിലെത്തി കൃഷ്ണമണി കടന്നു കഴിയുമ്പോൾ ലെൻസിനാൽ നേത്രപടലത്തിൽ കേന്ദ്രീകരിക്കപ്പെടുകയും അവിടെ പിൻഹോൾ ക്യാമറയിലുണ്ടാകുന്നതരം ഒരു പ്രതിബിംബം സൃഷ്ടിക്കയും ചെയ്യുന്നു. ഈ പ്രതിബിംബം നേത്രപടലത്തിലെ കോശങ്ങളിൽ ഉളവാക്കിയ പ്രതികരണങ്ങൾ ചക്ഷുനാഡികൾ വഴി തലച്ചോറിലെത്തുമ്പോൾ അവിടെ വസ്തുവിന്റെ ദൃശ്യഭാവത്തിന്റെ ഒരു ചിത്രം രൂപപ്പെടുന്നു. ഉള്ളിലെ ചിത്രവും അതിന് വിഷയമായ വെളിയിലെ വസ്തുവും ഒന്നല്ല. വസ്തുവും തലച്ചോറിലെ ചിത്രവും തമ്മിൽ പരിഗണനാർഹമായ എന്തെങ്കിലും ബന്ധമുണ്ടെന്ന നമ്മുടെ വിശ്വാസം വലിയ അടിസ്ഥാനമൊന്നുമില്ലാത്ത ഒരു യുക്തിശൃംഖലയെ (Chain of Logic) ആശ്രയിച്ചിരിക്കുന്നു. വിവരങ്ങൾ സംവഹിച്ചെത്തുന്ന നീണ്ട കുഴലുകളുടെ അറ്റത്ത് അവയെ സ്വീകരിക്കാനൊരുങ്ങി നിൽക്കുന്ന കേവലമായൊരു കാലിപ്പാത്രമായി മനസ്സിനെ സങ്കല്പ്പിക്കുന്നത് ശരിയല്ലെന്നും, വന്നുചേരുന്ന വിവരങ്ങൾക്ക് എങ്ങനെയോ ക്രമവും അർത്ഥവും നൽകപ്പെടുന്നുണ്ടെന്നുമുള്ള നിഗമനത്തിലാണ് ഈ ചിന്തകൾക്കൊടുവിൽ കാന്റ് എത്തിച്ചേർന്നത്. സ്ഥല-കാലങ്ങളെക്കുറിച്ചും മറ്റുമുള്ള കാന്റിന്റെ ഉൾക്കാഴ്ചകൾ ചേർന്ന കണ്ടെത്തലുകൾ അന്തിമരൂപം കൈവന്ന് വെളിച്ചം കാണാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. നിശ്ശബ്ദദശകംശിഷ്യനായിരുന്ന മാർക്കസ് ഹെർസിന്റെ കത്തിനെഴുതിയ മറുപടിയിൽ, അരങ്ങേറ്റപ്രഭാഷണത്തിൽ മനുഷ്യരുടെ ഐന്ദ്രിയവും ബൗദ്ധികവുമായ കഴിവുകൾ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും വിവരങ്ങൾ സംഭരിക്കുന്നതിലേയും സംസ്കരിക്കുന്നതിലേയും തീർത്തും വ്യതിരിക്തമായ പ്രക്രിയകൾ ഇനിയും വിശദീകരിക്കേണ്ടതായിട്ടാണിരിക്കുന്നതെന്നും കാന്റ് സമ്മതിച്ചു. സൈദ്ധാന്തികമായ ഉറക്കത്തിൽ നിന്ന് തന്നെ ഉണർത്തിയത് ബ്രിട്ടീഷ് തത്ത്വചിന്തകനായ ഡേവിഡ് ഹ്യൂം ആണെന്നും ഈ കത്തിൽ കാന്റ് സൂചിപ്പിച്ചു. ഏതായാലും അടുത്ത പതിനൊന്നു വർഷത്തേക്ക് അദ്ദേഹം തത്ത്വചിന്താസംബന്ധിയായ രചനകളൊന്നും പ്രസിദ്ധീകരിച്ചില്ല. ഈ നിശ്ശബ്ദദശകം മേലെഴുതിയ പ്രശ്നങ്ങൾക്കു പരിഹാരം തേടുന്നതിലാണ് കാന്റ് ചെലവഴിച്ചത്. സംഭാഷണവും കൂട്ടായ്മകളും ഇഷ്ടമായിരുന്നെങ്കിലും കാന്റ് ഏകാന്തത തെരഞ്ഞെടുത്തു. അതിൽ നിന്ന് വെളിയിൽ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല. 1778-ൽ, പഴയ ശിഷ്യന്മാരിലൊരാളുടെ ഇത്തരം ശ്രമങ്ങളിലൊന്നിനോട് പ്രതികരിച്ച് കാന്റ് ഇങ്ങനെ എഴുതി:-
ശുദ്ധയുക്തിയുടെ വിമർശനംഈ മൗനത്തിൽ നിന്ന് കാന്റ് പുറത്തുവന്നത് ശുദ്ധയുക്തിയുടെ വിമർശനവുമായാണ്. തത്ത്വചിന്തയുടെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കൃതികളിലൊന്നായി ഇന്ന് പരക്കെ സമ്മതിക്കപ്പെടുന്ന ആ പുസ്തകം, പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ഏറെയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. യൂറോപ്പിൽ എഴുതപ്പെട്ടവയിൽ എക്കാലത്തേയും ഏറ്റവും മഹത്തായ കൃതി എന്നാണ് ശുദ്ധയുക്തിയുടെ വിമർശനത്തെ പിന്നീട് ഷോപ്പൻഹോവർ വിശേഷിപ്പിച്ചത്[6]എന്നാൽ, ആദ്യത്തെ ജർമ്മൻ പതിപ്പിൽ 800 പുറമുണ്ടായിരുന്ന അതിന്റെ ദൈർഘ്യവും വക്രമെന്ന് പലർക്കും തോന്നിയ ശൈലിയും പ്രശ്നമുണ്ടാക്കി. കിട്ടിയ ചുരുക്കം ചില നിരൂപണങ്ങൾ അതിന് ഒരു പ്രാധാന്യവും കല്പിച്ചില്ല. അതിന്റെ സാന്ദ്രത അതിനെ കടിച്ചാൽ പൊട്ടാത്തതാക്കി. സമ്മാനിതലേഖനം പോലെയുള്ള കാന്റിന്റെ പൂർവരചനകൾക്ക് ലഭിച്ചതിന് നേർവിപരീതമായ സ്വീകരണമാണ് അതിന് കിട്ടിയത്. ഇടക്ക് പോർത്തുഗലിലെ ലിസ്ബണിൽ ഉണ്ടായ ഒരു ഭൂകമ്പത്തെ തുടർന്ന് കാന്റ് ഭൂകമ്പങ്ങളെക്കുറിച്ചെഴുതിയ ലെഖനം പുറമൊന്നിന് എന്ന കണക്കിൽ വിലകൊടുത്തു വാങ്ങാൻ വായനക്കാർ തയ്യാറായിരുന്നു.
പിൽക്കാലസംഭാവനകൾ, പിന്മുറക്കാർ1788-ൽ എഴുതിയ "പ്രായോഗിക യുക്തിയുടെ വിമർശനം"(Critique of Practical Reason), 1797-ലെ "സന്മാർഗ-തത്ത്വമീമാംസ"(Metaphysics of Morals) എന്നീ കൃതികളിൽ കാന്റ് തന്റെ സന്മാർഗ്ഗതത്ത്വചിന്ത അവതരിപ്പിച്ചു. 1790-ലെ "തീരുമാനങ്ങളുടെ വിമർശനം" (Critique of Judgement) എന്ന കൃതിയിൽ തന്റെ സിദ്ധാന്തങ്ങൾക്ക് സൗന്ദര്യശാസ്ത്രത്തിലും പ്രയോജനശാസ്ത്രത്തിലുമുള്ള പ്രായോഗികത കാന്റ് വിശദീകരിച്ചു. ചരിത്രം, മതം, രാഷ്ട്രനീതി തുടങ്ങിയ വിഷയങ്ങളിലും ജനപ്രീതിനേടിയ ലേഖനങ്ങൾ അദ്ദേഹം എഴുതി. അവക്ക് കിട്ടിയ അംഗീകാരം മുൻനിരയിലെ തത്ത്വചിന്തകൻ എന്ന അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു. കാന്റിന്റെ സിദ്ധാന്തങ്ങളെ പിന്തുണക്കുവാനും വിമർശിക്കുവാനും മാത്രമായി പല പ്രസിദ്ധീകരണങ്ങളും നിലവിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈ നേട്ടങ്ങളൊക്കെ നിലനിൽക്കുമ്പോൾ തന്നെ, തത്ത്വചിന്തയുടെ വഴി മറ്റൊരു ദിശയിലേക്ക് തിരിയുകയായിരുന്നു. റീനോൾഡ്, ഫിച്ചേ എന്നിവരടക്കം പ്രധാന ശിഷ്യന്മാരിൽ പലരും കാന്റിന്റെ നിലപാടുകളെ പരിഷ്കരിച്ച്, തീവ്രമായ ആശയവാദത്തിന്റെ രൂപം നൽകുകയായിരുന്നു. ജർമ്മൻ ആശയവാദത്തിലാണ് ഇത് ചെന്നെത്തിയത്. ഈ പരിണാമത്തെ എതിർത്ത കാന്റ് 1799-ലെഴുതിയ ഒരു തുറന്ന കത്തിൽ ഫിച്ചേയെ നിശിതമായി വിമർശിച്ചു. തത്ത്വചിന്തയിലെ അദ്ദേഹത്തിന്റെ അന്തിമപ്രവൃത്തികളിലൊന്നായിരുന്നു അത്. [7] അദ്ദേഹത്തിന്റെ അവസാനകൃതി പൂർത്തിയാകാതെ നിന്നു. മരണാനന്തരം പ്രസിദ്ധീകരിച്ച അതിന് 'ശേഷക്രിയ' (Opus Postumum) എന്നാണ് പേരിട്ടത്. വസ്തുവിന്റെ 'വാസ്തവരൂപം' (The thing in itself) അറിയാനാകാത്ത കാലത്തോളം പ്രപഞ്ചത്തിന്റെയോ മനുഷ്യന്റെ അനുഭവലോകത്തിന്റേയോ വ്യക്തമായ രൂപം അറിയുക സാധ്യമാണെന്ന് കാന്റ് കരുതിയില്ല. എന്നാൽ 'വാസ്തവരൂപം' അറിയാൻ നിവൃത്തിയില്ലെന്നിരിക്കെ, അങ്ങനെയൊരു രൂപം ഉണ്ടെന്ന് ഊഹിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹത്തെ തുടർന്നുവന്ന പലരും വാദിച്ചത്. എന്നാൽ ജർമ്മൻ ആശയവാദികളെപ്പോലെ, യഥാർഥമെന്ന് കരുതാവുന്ന ഏതിനെയെങ്കിലും അടിസ്ഥാനമാക്കിയല്ലാതെയുള്ള ഒരു വിശദീകരണത്തിലേക്ക് ചുവടുമാറ്റുന്നതിന് പകരം, ക്രമീകൃതവും നിയമബദ്ധവുമായ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ, സാമേന്യേന വിശ്വസനീയമായ അറിവിന്റെ സ്വഭാവമെന്തെന്ന് അന്വേഷിക്കുകയാണ് മറ്റൊരുകൂട്ടം ചിന്തകന്മാർ ചെയ്തത്. പ്രതിഭാസവിജ്ഞാനം (Phenomenology) എന്നറിയപ്പെട്ട ഈ പുതിയ തത്ത്വചിന്തയുടെ മുഖ്യവ്യക്താവ് എഡ്മണ്ഡ് ഹസ്സൾ ആയിരുന്നു. കാന്റ് എന്ന മനുഷ്യൻകാന്റിന്റെ ജീവിതത്തെക്കുറിച്ച് പലവക കഥകൾ പ്രചരിച്ചിട്ടുണ്ട്. ഉദാഹരണമായി, അദ്ദേഹത്തിന്റെ പ്രതിഭ അതിന്റെ ആദ്യത്തെ നിലപാടുകൾ ഉപേക്ഷിച്ച് കഴിഞ്ഞ്, വൈകി, അൻപതാമത്തെ വയസ്സിന് ശേഷമാണ് പുഷ്കലമായതെന്ന് പരക്കെ ധാരണയുണ്ട്. കാന്റിന്റെ മുഖ്യരചനകൾ പ്രായം ചെന്നതിന് ശേഷമാണ് എഴുതപ്പെട്ടതെന്നത് ശരിയാണെങ്കിലും അതിനുമുൻപുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ അവഗണിക്കുന്നത് ശരിയാവില്ല. അടുത്ത കാലത്തെ ഗവേഷണങ്ങൾ കാന്റിന്റെ ആദ്യരചനകളിൽ ശ്രദ്ധയൂന്നുകയും പിൽക്കാല സംഭാവനകൾ അവയുമായി ഒരളവുവരെ നൈരന്തര്യം പുലർത്തുന്നതായി ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.[ഖ] പ്രവചിക്കാവുന്നതരം ദിനചര്യയോടുകൂടിയ കർശനജീവിതമാണ് കാന്റ് നയിച്ചതെന്നും അദ്ദേഹം നടക്കാനിറങ്ങുന്ന സമയം നോക്കി അയൽക്കാർ അവരുടെ ഘടികാരങ്ങളുടെ സമയം ശരിയാക്കുക പതിവായിരുന്നെന്നുമാണ് മറ്റൊരു കഥ.[8] കാന്റിന് ഏറെ ഇഷ്ടപ്പെട്ട ചിന്തകനും എഴുത്തുകാരനുമായിരുന്നു ജ്ഞാനോദയചിന്തകനായ റുസ്സോ. കാന്റിന്റെ പഠനമുറിയെ അലങ്കരിക്കാൻ ആകെയുണ്ടായിരുന്നത് റുസ്സോയുടെ ചിത്രമായിരുന്നു.[9]ഒരു കഥയനുസരിച്ച്, റുസ്സോയുടെ എമിലി എന്ന നോവലിൽ മുഴുകിപ്പോയ ഒരവസരത്തിൽ മാത്രമാണ്, കാന്റ് പതിവായുള്ള നടത്തത്തിലെ നിഷ്ഠ തെറ്റിച്ചത്. കാന്റ് വിവാഹിതനായിരുന്നില്ല. [ഗ]
മരണം1804 ഫെബ്രുവരി 12-ന് കാന്റ് കോനിഗ്സ്ബർഗിൽ മരിച്ചു. 'പൂർത്തിയായി' എന്ന് അർത്ഥം പറയാവുന്ന 'Genug' എന്ന ജർമ്മൻ വാക്കായിരുന്നു അന്ത്യമൊഴി.[10] ആയിരങ്ങൾ പിന്തുടർന്ന ശവസംസ്കാരയാത്രയുടെ സമയത്ത് കോണിഗ്സ്ബർഗ്ഗിലെ എല്ലാ മണികളും മുഴങ്ങുന്നുണ്ടായിരുന്നു.[11] സംസ്കാരസ്ഥാനം
കാന്റിന്റെ തത്ത്വചിന്ത
അറിവിന്റെ വഴിയും പരിധിയുംഇന്ദ്രിയങ്ങളിലൂടെയുള്ള അനുഭവത്തിൽ നമുക്ക് ചിതറിയ ഉദീപനങ്ങളല്ലാതെ പൊതുസ്വഭാവമുള്ള സത്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നും അത്തരം സത്യങ്ങൾ അനുഭവനിരപേക്ഷമായിരിക്കുമെന്നും(A priori) കാന്റ് വാദിച്ചു. അനുഭവനിരപേക്ഷമായ സത്യങ്ങൾക്ക് ഒരുദാഹരണമായി കാന്റ് ചൂണ്ടിക്കാട്ടിയത് ഗണിതശാസ്ത്രത്തിലെ അന്തിമസ്വഭാവമുള്ള (Absolute) തത്ത്വങ്ങളെയാണ്. രണ്ടും രണ്ടും നാലാണെന്ന സത്യത്തെ നമ്മുടെ ഭാവി അനുഭവങ്ങൾ മാറ്റിമറിക്കാൻ പോകുന്നില്ല. ഗണിതസിദ്ധാന്തങ്ങളുടെ ഈ സ്വഭാവത്തിനടിസ്ഥാനം നമ്മുടെ മനസ്സിന്റെ ഘടനയാണ് എന്ന് കാന്റ് കരുതി. മനസ്സിന്റെ പ്രാധാന്യംകാന്റിന്റെ ഏറ്റവും പ്രധാനവാദങ്ങളിലൊന്ന്, മനസ്സ് അനുഭവങ്ങളുടേയും ആശയങ്ങളുടേയും കേവലം സ്വീകരണപാത്രം അല്ലെന്നതാണ്. നമുക്ക് അനുഭവേദ്യമാകുന്ന വസ്തുക്കളെ നമ്മുടെ അറിവാക്കുന്നതിൽ മനസ്സ് സജീവമായൊരു പങ്ക് വഹിക്കുന്നു. കാന്റിന് മുൻപുള്ള ചിന്തകന്മാർ കരുതിയിരുന്നത്, അറിയുമ്പോൾ, മനസ്സ് അറിയുന്ന വസ്തുവിനിണങ്ങും വിധമാവുകയാണെന്നാണ്. മനസ്സിലെ ആശയങ്ങൾ അതിനുപുറത്തുള്ള ലോകത്തിന്റെ 'രൂപം' ഏടുക്കുന്നുവെന്ന ഈ വിശ്വാസം കാന്റിന് സ്വീകാര്യമായില്ല. അതിന് പകരം, വസ്തു അതിനെ അറിയുന്നവന്റെ മനസ്സിന്റെ രൂപമെടുക്കുന്നു എന്ന് കാന്റ് വാദിച്ചു. ഈ ഉൾക്കാഴ്ചയെ ആണ് തത്ത്വചിന്തയിൽ താൻ കോണ്ടുവന്ന കോപ്പർനിക്കൻ വിപ്ലവം എന്ന് കാന്റ് വിളിച്ചത്. നാം ലോകത്തെ എങ്ങനെ അറിയുന്നു എന്നതിന് നമ്മുടെ മനസ്സ് പ്രവർത്തിക്കുന്ന രീതി ആണ് കാരണം. ഇന്ദ്രിയാനുഭവങ്ങളുടെമേലുള്ള മനസ്സിന്റെ പ്രവർത്തനത്തിൽ നിന്നാണ് അറിവുണ്ടാകുന്നത്. അനുഭവങ്ങൾക്ക് എന്തും എഴുതിവക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ്. ഇന്ദ്രിയാനുഭവങ്ങളെ ആശയങ്ങളായും ക്രമമോ അർത്ഥമോ ഇല്ലാത്ത അനുഭവബഹുലതയെ ക്രമീകൃതമായ ചിന്തയായും മാറ്റിയെടുക്കുന്ന ഒരു സജീവോപകരണമാണത്. ആ പ്രക്രിയ നിർവഹിക്കുന്നതിന് ആശ്രയിക്കാൻ മനസ്സിന് അന്ത:സ്ഥിതമായ സംവിധാനങ്ങളുണ്ട്.[14] മനസ്സ് നിർമ്മിക്കുന്ന ലോകംസ്ഥലകാലങ്ങൾ മനസ്സിന്റെ പ്രവർത്തനത്തിന്റെ രണ്ടു മാനങ്ങളാണെന്ന് കാന്റ് കണ്ടു. അവ പുറം ലോകത്തിലെ 'വസ്തുക്കൾ'(objects) അല്ല. അവയ്ക്കാധാരം ഇന്ദ്രിയമാർഗ്ഗമായ അനുഭവങ്ങളുമല്ല. അവ അനുഭവനിരപേക്ഷമാണ്(A priori). ഇന്ദ്രിയാനുഭവങ്ങളുടെ ആധാരങ്ങളിൽ അവ ഉൾപ്പെടുന്നു. സ്ഥലകാലമാനങ്ങളില്ലാതെ ഇന്ദ്രിയാനുഭവം അസാധ്യമാണ്. അവ മനസ്സിന്റെ ആന്തരികഘടനയുടെ ഭാഗവും ഏത് അനുഭവത്തിന്റേയും മുൻവ്യവസ്ഥകളിൽ (pre-condition) പെടുന്നവയും ആണ്.
അറിവിനപ്പുറത്തെ വസ്തുവിഷയങ്ങൾക്ക് നമ്മുടെ മനസ്സ് കൊടുക്കുന്ന രൂപമേ നമ്മുടെ അറിവിന്റെ പരിധിയിൽ വരുന്നുള്ളു. വിഷയങ്ങൾ, അവയിൽതന്നെ എന്തായിരിക്കുന്നുവെന്നുള്ള അറിവ് (knowledge of things in themselves) നമുക്ക് അപ്രാപ്യമായിരിക്കുന്നു. ശുദ്ധയുക്തിയുടെ വിമർശനത്തിൽ കാന്റ് ഇങ്ങനെ പറയുന്നു[17]:-
മദ്ധ്യമാർഗ്ഗംകാന്റിന്റെ അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം അടിസ്ഥാനസത്യങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു തത്ത്വമീമാംസ (Metaphysics) പ്രായോഗികമാണോ എന്നു കണ്ടെത്തുകയായിരുന്നു. ഒരു വസ്തുവിനെ നാം അറിയുന്നതിന് മുൻപ് അതിന് എന്തെങ്കിലും ഗുണങ്ങളുണ്ടോ എന്നദ്ദേഹം അന്വേഷിച്ചു. മനസ്സിന് സങ്കല്പിക്കാനാകുന്ന വസ്തുക്കളുടെ ഗുണങ്ങൾ മനസ്സിന്റെ ചിന്താരീതി പിന്തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. മനസ്സിന്റെ ചിന്ത കാര്യ-കാരണങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട്, നമ്മുടെ അനുഭവത്തിന് വിഷയമാകുന്ന വസ്തുക്കളോരോന്നും കാരണമോ, കാര്യമോ ആയിരിക്കും. മനസ്സിന് ചിന്തിക്കാൻ കഴിയാത്ത വസ്തുക്കളും ഉണ്ടാകാമെന്നും കാര്യ-കാരണ യുക്തി പോലുള്ള അനുഭവലോകത്തിലെ നിയമങ്ങൾ അവക്ക് ബാധകമായിരിക്കുകയില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വാദിച്ചു. ഉദാഹരണമായി, ഈ ലോകം എല്ലാക്കാലത്തും ഉണ്ടായിരുന്നോ എന്നോ അതിന് ഒരു കാരണം ഉണ്ടോ എന്നോ അറിയാൻ നമുക്ക് നിവൃത്തിയില്ല. അതുകൊണ്ട്, തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും. അതേസമയം ഭൗതികശാസ്ത്രങ്ങൾ മനസ്സിന്റെ നിയമങ്ങളെ ആശ്രയിക്കുന്നതുകൊണ്ട്, അവയുടെ അടിത്തറ ഭദ്രമാണ് എന്നും അദ്ദേഹം കരുതി. [18] ഈ വിധത്തിൽ താൻ അനുഭവവാദികൾക്കും(empiricists) യുക്തിവാദികൾക്കും (rationalists) ഇടയിൽ ഒരൊത്തുതീർപ്പുണ്ടാക്കിയെന്ന് കാന്റ് കരുതി. അനുഭവവാദികൾ എല്ലാ അറിവിന്റേയും അടിസ്ഥാനം അനുഭവജ്ഞാനമാണെന്നും, അനുഭവം പ്രകൃതിനിയമംങ്ങളെ കണിശമായി പിന്തുടരാത്തതുകൊണ്ട്, ഭൂതകാലത്തെ അടിസ്ഥാനമാക്കി ഭാവിഗതി പ്രവചിക്കുക സാധ്യമല്ലെന്നും വാദിക്കുന്നതായി കാന്റ് കരുതി. അങ്ങനെയാകുമ്പോൾ, ഭൗതികശാസ്ത്രങ്ങളുടെ അടിത്തറ ഉറപ്പില്ലാത്തതാണെന്നും നമ്മെക്കുറിച്ചും ബാഹ്യലോകത്തെക്കുറിച്ചും വിശ്വസനീയമായ അറിവ് അപ്രാപ്യമാണെന്നും വരും. യുക്തിവാദികളാകട്ടെ, ഉറപ്പായ സത്യത്തിലേക്കുള്ള വഴി യുക്തിയാണെന്നും അതിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്ന ഭൗതികശാസ്ത്രങ്ങൾ ഉറപ്പുള്ളവയാണെന്നും കരുതുന്നു. അനുഭവം വഴി നമുക്ക് ചിലതൊക്കെ അറിയാൻ കഴിയുമെന്ന് സമ്മതിച്ചെങ്കിലും അത് ലോകം നമുക്ക് എങ്ങനെ കാണപ്പെടുന്നുവെന്ന വസ്തുനിഷ്ഠമായ അറിവ് മാത്രമാണെന്ന് വാദിച്ച കാന്റ് അനുഭവവാദികളോട് വിയോജിച്ചു. അതേസമയം ശുദ്ധയുക്തിവഴി നമുക്ക് കിട്ടുന്ന അറിവ് അനുഭവത്തിന്റെ ലോകത്തിനേ ബാധകമാകൂ എന്നും അനുഭവത്തിലൂടെയാണ് നമ്മുടെ അറിവിന്റെ മുഖ്യഭാഗവും വരുന്നതെന്നുമുള്ള അദ്ദേഹത്തിന്റെ വാദം യുക്തിവാദികളോടുള്ള വിയോജനവുമായിരുന്നു. സന്മാർഗചിന്തകാന്റിന്റെ സന്മാർഗ സിദ്ധാന്തങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. യഥാർഥമായ സന്മാർഗനിയമങ്ങളുടെ അനുശാസനങ്ങളെ പിന്തുടരുക ഓരോ മനുഷ്യന്റേയും ഉത്തരവാദിത്തമാണെന്ന് കാന്റ് കരുതി. പ്രവൃത്തികൾ ആ അനുശാസനങ്ങളെ അനുസരിക്കുന്നുണ്ടോ എന്നറിയാനുള്ള വഴിയാണ് കാന്റിന്റെ സന്മാർഗചിന്ത അന്വേഷിച്ചത്. മനുഷ്യകർമ്മങ്ങളുടെ സ്വീകാര്യതക്ക് വഴികാട്ടിയായി അദ്ദേഹം നിർദ്ദേശിച്ച നിയമം സാർവത്രിക അനുപേക്ഷണീയത (Categorical Imperative) എന്നപേരിൽ പ്രസിദ്ധമാണ്. ഈ നിയമം പലരൂപത്തിൽ അവതരിപ്പിക്കപ്പെടാറുണ്ട്. അതിന്റെ ഏകദേശരൂപം ഇങ്ങനെയാണ്:-
സ്വീകാര്യമായ പ്രവൃത്തികൾക്ക് സാർവത്രിക അനുപേക്ഷണീയത ഉണ്ടായിരിക്കും. അവയുടെ മൂല്യം അവയിൽ തന്നെയാണ്. സാർവത്രിക അനുപേക്ഷണീയതയിൽ ലക്ഷ്യവും മാർഗവും ഒത്തുചേരുന്നു. അവയുടെ ലക്ഷ്യവും മാർഗവും അവതന്നെയാണ്. മറ്റൊരാവശ്യത്തിന്റേയോ, ആഗ്രഹത്തിന്റേയോ, ഉദ്ദേശത്തിന്റേയോ പ്രാപ്തിക്കുള്ള വഴിയല്ല അവ. സദാചാരനിഷ്ടവിടാതിരിക്കാൻ സാർവത്രിക അനുപേക്ഷണീയതകളെ മറ്റു സാഹചര്യങ്ങൾ എന്തായിരുന്നാലും പിന്തുടരണം. സന്തുഷ്ടിക്ക് അവകാശിയാകുക (worthiness of being happy) എന്നതുമാത്രമായിരിക്കും അവയുടെ നിർവ്വഹണത്തിനുള്ള പ്രേരണ എന്ന് കാന്റ് ശുദ്ധയുക്തിയുടെ വിമർശനത്തിൽ എഴുതി. സാർവത്രിക അനുപേക്ഷണീയതയിൽ നിന്നാണ് ധാർമ്മികതയുടെ ഉത്തരവാദിത്ത്വങ്ങളെല്ലാം ഉടലെടുക്കുന്നതും പരീക്ഷിക്കപ്പെടേണ്ടതും. ഉത്തരവാദിത്തത്തിന്റെ പ്രേരണ പിന്തുടർന്നല്ലാതെ ചെയ്യുന്ന പ്രവൃത്തികൾ ധാർമ്മികദൃഷ്ടിയിൽ വിലയില്ലാത്തതാണെന്ന് കാന്റ് കരുതി. ശുദ്ധമായ ലക്ഷ്യത്തോടെയല്ലാതെ ചെയ്യുന്ന കർമ്മങ്ങൾ അർത്ഥമില്ലാത്തവയാണ്. പ്രവൃത്തികളുടെ അന്തിമഫലമാണ് ഏറ്റവും പ്രധാനമെന്ന് കാന്റ് കരുതിയില്ല. പ്രധാനമായത്, പ്രവൃത്തി നിർവഹിക്കുമ്പോഴുള്ള മനോഭാവമാണ്. പ്രവൃത്തിയുടെ മൂല്യത്തിന്റെ അളവുകോൽ അതാണ്. അങ്ങനെ നോക്കുമ്പോൾ, പ്രവൃത്തിഫലങ്ങളുടെ മൂല്യങ്ങൾ താരതമ്യം ചെയ്യുന്നത് ശരിയല്ല. സന്മാർഗ-തത്ത്വമീമാംസയുടെ അടിത്തറ(Groundwork of the Metaphysic of Morals) എന്ന കൃതിയിൽ, സദാചാരസംബന്ധമായ തന്റെ ചിന്തകളെ, "പരമാവധിവ്യക്തികൾക്ക് പരമാവധി പ്രയോജനം ഉണ്ടാക്കുക" എന്ന സാമ്പത്തികശാസ്ത്രത്തിലെ പ്രയോജനവാദവുമായി താരതമ്യപ്പെടുത്തി[19]കാന്റ് ഇങ്ങനെ എഴുതി:-
ദൈവം, മരണാനന്തരജീവിതം, സ്വാതന്ത്ര്യംമുൻകാലചിന്തകന്മാർ ദൈവാസ്തിത്വത്തിനും മരണാനന്തരജീവിതത്തിനും തെളിവായി ഉന്നയിച്ച യുക്ത്യധിഷ്ടിതവാദങ്ങളൊന്നൊന്നായി കാന്റ് ശുദ്ധയുക്തിയുടെ വിമർശനത്തിൽ പരിഗണിച്ച് തള്ളി. ഓൺടൊളോജിക്കൽ വാദവും, എല്ലാ ചലനത്തിനും കാരണക്കാരനായ ആദ്യചാലകനായി ദൈവം അവശ്യം ഉണ്ടായിരിക്കണമെന്ന വാദവും(The Cosmological Proof), സൃഷ്ടിയിൽ പ്രകടമാകുന്ന സംവിധാനക്രമം ഒരു സ്രഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന വാദവും(Physico-theological Proof) ഇങ്ങനെ തള്ളപ്പെട്ടവയിൽ പെടുന്നു. യുക്തിയുടെ പ്രവർത്തനം സ്ഥലകാലങ്ങളുടേയും കാര്യ-കാരണബന്ധങ്ങളുടേയും അടിസ്ഥാനത്തിലായതുകൊണ്ട്, യുക്തി ഉപയോഗിച്ചുള്ള അന്വേഷണം, സ്ഥല-കാലങ്ങൾക്കും കാര്യകാരണന്യായങ്ങൾക്കും അപ്പുറത്ത്, ദൈവത്തേയോ മരണാനന്തരജീവിതത്തേയോ കുറിച്ചുള്ള അറിവിലേക്ക് നയിക്കുകയില്ലെന്ന് കാന്റ് കരുതി. അതേസമയം, ദൈവമോ മരണാനന്തരജീവിതമോ ഇല്ലെന്നു തെളിയിക്കാനും മനുഷ്യയുക്തിക്കാവുകയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
നിത്യസത്യങ്ങളെ തേടുന്ന, ധർമ്മോത്മുഖമായ അന്തഃകരണം മനുഷ്യനുണ്ടെന്ന് കാന്റ് കരുതി. മനുഷ്യന്റെ നൈസർഗ്ഗികമായ അന്വേഷണത്വര ദൈവത്തേയും, അമർത്ത്യതയേയും, സ്വാതന്ത്ര്യത്തേയും തേടുന്നുവെന്നത് അവയൊക്കെ യാഥാർഥ്യങ്ങളാണെന്ന് കരുതി ജീവിക്കുന്നതിനെ ന്യായീകരിക്കുന്നുവെന്നയിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുറിപ്പുകൾക.^ പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകളിൽ കോപ്പർനിക്കസിന്റെ സിദ്ധാന്തം കൊണ്ടുവന്ന പരിവർത്തനവുമായി തത്ത്വചിന്തയിലെ തന്റെ സംഭാവനകളെ താരതമ്യപ്പെടുത്തുന്ന ഈ അവകാശവാദം കാന്റ് നടത്തിയത് ശുദ്ധയുക്തിയുടെ വിമര്ശനത്തിന്റെ 1787-ലെ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിലാണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|